പെന്ഷന് പ്രായം ഏകീകരണം; ഉത്തരവ് പിന്‍വലിക്കണം, എതിര്‍പ്പുമായി ഡി.വൈ.എഫ്.ഐ
തിരുവനന്തപുരം : പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍പ്രായം 60 ആക്കി ഏകീകരിച്ചുകൊണ്ട് ധനവകുപ്പ് ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയേറ്റ്. സംസ്ഥാനത്ത് തൊഴിലന്വേഷിച്ച് നടക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളെയാണ് തീരുമാനം പ്രതികൂലമായി ബാധിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളില്‍ 56, 58, 60 എന്നിങ്ങനെ പല പെന്ഷന് പ്രായങ്ങളാണ് ഇപ്പോഴുള്ളത്. പൊതുമേഖല സ്ഥാപനങ്ങളിലെ സേവനവേതന വ്യവസ്ഥകള്‍ ഏകീകരിക്കാന്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഇതിലെ പെന്ഷന് പ്രായം ഉയര്‍ത്തണമെന്ന ഉത്തരവിനോട് മാത്രം യോജിക്കാനാവില്ലെന്ന് സനോജ് പറഞ്ഞു.
ബാക്കി വ്യവസ്ഥകളോടൊന്നും വിയോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
പെന്ഷന് പ്രായം ഉയര്‍ത്താന്‍ പാടില്ല എന്ന പ്രഖ്യാപിത നയമുള്ള സംഘടനയാണ് ഡി.വൈ.എഫ്.ഐ. രാജ്യത്തുടനീളം വിരമിക്കല്‍ പ്രായം 60 ആണെങ്കിലും, കേരളത്തിലെ ചെറുപ്പക്കാരുടെയിടയിലെ തൊഴിലില്ലായ്മനിരക്ക് ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ്. ഇവിടുത്തെ പ്രത്യേക സാഹചര്യത്തില്‍ പെന്‍ഷന്‍പ്രായം 60 ആക്കി ഇപ്പോള്‍ ഉയര്‍ത്തുന്നത് യുവാക്കള്‍ക്കെതിരെയുള്ള നിലപാടായി മാറും. അതിനാലാണ് ഡി.വൈ.എഫ്.ഐ. ഈ നിലപാടിനെ എതിര്‍ക്കുന്നത്- സനോജ് വ്യക്തമാക്കി.
തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെങ്കില്‍ തങ്ങളുടെ നിലപാട് അപ്പോള്‍ അറിയിക്കാമെന്നും സനോജ് പ്രതികരിച്ചു. പെന്‍ഷന്‍പ്രായം ഉയര്‍ത്തിയ ഉത്തരവിനെതിരെ സി.പി.ഐ. യുവജനസംഘടനയായ എ.ഐ.വൈ.എഫ്. ഉള്‍പ്പടെ ആദ്യം തന്നെ പ്രതിഷേധമറിയിച്ചിരുന്നെങ്കിലും ഉത്തരവിനെപ്പറ്റി നല്ലതുപോലെ മനസ്സിലാക്കിയ ശേഷമേ ഡി.വൈ.എഫ്.ഐ. പ്രതികരിക്കൂ എന്നും സനോജ് കൂട്ടിച്ചേര്‍ത്തു.