വീട്ടുകാരെക്കൊണ്ട് കല്യാണ മണ്ഡപം വരെ ബുക്ക് ചെയ്യിപ്പിക്കും, പിന്നെ പണവും മാനവും തട്ടിയെടുത്ത് മുങ്ങും, സൗന്ദര്യം ആയുധമാക്കി നാൽപ്പതുകാരൻ തട്ടിച്ചത് രണ്ട് ജില്ലകളിലെ പത്തോളം യുവതികളെ
മലപ്പുറം: മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹ തട്ടിപ്പ് നടത്തി രണ്ടുപേരിൽ നിന്നായി 38 പവനും 11 ലക്ഷം രൂപയും തട്ടിയ മലപ്പുറം താമരക്കുഴി സ്വദേശി സരോവരം വീട്ടിൽ സഞ്ജുവിനെ(40) മലപ്പുറം വനിതാ പൊലീസ് അറസ്റ്റ് ചെയ്തു. ആദിയെന്ന വ്യാജ പേരിൽ രജിസ്റ്റർ ചെയ്ത് പ്രണയം നടിച്ച് പണവും സ്വർണ്ണവും കൈക്കലാക്കി പീഡിപ്പിച്ചെന്ന രണ്ട് യുവതികളുടെ പരാതിയിലാണ് നടപടി. ഒരാളിൽ നിന്ന് 32 പവനും ഒരുലക്ഷം രൂപയും മറ്റൊരാളിൽ നിന്ന് 10 ലക്ഷവും ആറ് പവനും ഇയാൾ കൈക്കലാക്കിയിട്ടുണ്ട്. ഒട്ടേറെപേരെ സമാനരീതിയിൽ വഞ്ചിച്ചിട്ടുണ്ടെന്ന് പരാതിക്കാർ പറയുന്നു. എറണാകുളം, തൃശൂർ ജില്ലകളിലായി പത്തോളം പേർ തട്ടിപ്പിന് ഇരയായതായാണ് സൂചന.വിവാഹാലോചനയുമായെത്തി യുവതികളുടെയും വീട്ടുകാരുടെയും വിശ്വാസം നേടിയെടുത്ത ശേഷം പ്രണയം നടിക്കൽ, വിവാഹനിശ്ചയം നടത്തൽ, കല്യാണ വസ്ത്രം എടുപ്പിക്കൽ, കല്യാണ മണ്ഡപം ബുക്ക് ചെയ്യുക എന്നിവ ഇയാളുടെ രീതിയാണ്. തുടർന്ന് അത്യാവശ്യ കാരണങ്ങൾ പറഞ്ഞ് വിവാഹം പരമാവധി വൈകിപ്പിക്കും. ഇതിനിടെ യുവതികളുടെ എ.ടി.എം കാർഡും ബാങ്ക് അക്കൗണ്ട് രേഖകളും സിം കാർഡും ഐഡന്റിറ്റി കാർഡും കൈക്കലാക്കും. ശേഷം പരമാവധി പണവും സ്വർണ്ണവുമായി മുങ്ങുകയാണ് പതിവ്.2014 മുതൽ ഇത്തരം തട്ടിപ്പ് നടത്തുന്ന പ്രതി ഒരേസമയം ഒന്നിലധികം യുവതികളുമായി പ്രണയബന്ധം പുലർത്തിയിരുന്നു. പത്തിലധികം മൊബൈൽ നമ്പറുകൾ ഉപയോഗിച്ചിരുന്നു. മാന്യമായി പെരുമാറി ആളുകളുടെ വിശ്വാസം നേടിയെടുക്കുന്ന ഇയാൾ തന്റെ തട്ടിപ്പ് പുറത്തറിയുന്നതോടെ ഭീഷണിപ്പെടുത്തും. മാനനഷ്ടം ഭയന്ന് ഇരകൾ പിന്മാറുന്നത് തട്ടിപ്പ് തുടരാൻ സഹായകമായി. എറണാകുളത്ത് രണ്ടാം ഭാര്യയോടൊപ്പം താമസിക്കുന്ന പ്രതി ഇത്തരം തട്ടിപ്പുകളിലൂടെ ലഭിക്കുന്ന പണം കൊണ്ടാണ് ജീവിക്കുന്നത്. വനിതാ സി.ഐ റസിയ ബംഗാളത്ത്, എസ്.ഐ. എം.കെ.ഇന്ദിരാമണി, എസ്.എച്ച്.ഒ. പി.എം സന്ധ്യാദേവി എന്നിവർ മലപ്പുറം പൊലീസിന്റെ സഹായത്തോടെ എറണാകുളത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ്ജയിലിൽ റിമാൻഡ് ചെയ്തു.