കുട്ടികളിലെ ലഹരി ഉപയോഗം; ബോധവത്കരണം നടത്തി
കാഞ്ഞങ്ങാട് :സംസ്ഥാന സര്‍ക്കാരിന്റെ ലഹരിമുക്ത കേരളം ക്യാമ്പയിനോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി നടത്തി. ലഹരി മാഫിയ കുട്ടികളെയടക്കം പിടിമുറുക്കുന്ന സാഹചര്യത്തിലാണ് നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ മുനിസിപ്പല്‍ ബസ്സ്റ്റാന്റ് പരിസരം, പള്ളിക്കര റെഡ്മൂണ്‍ ബീച്ച് എന്നിവിടങ്ങളിലായി ഫ്ളാഷ് മോബ്, ലഘുലേഖ വിതരണം, ചിത്രം വര, ഒപ്പ് ശേഖരണം എന്നിവ നടത്തിയത്. സ്പെഷല്‍ ജുവനൈല്‍ പോലീസ് യൂണിറ്റ്, എക്സൈസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. വെളുത്തോളി ഫ്രണ്ട്സ് കലാ-കായിക കേന്ദ്രത്തിലെ കലാകാരന്മാര് അവതരണം നടത്തി. ബേക്കല്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ രജനീഷ് ലഹരി വിരുദ്ധ സന്ദേശം നല്കി. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ പി.വി.ലതിക, പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരായ എ.ജി.ഫൈസല്‍, കെ.ഷുഹൈബ്, സോഷ്യല്‍ വര്‍ക്കര്‍ ബി.അശ്വിന്, റെസ്ക്യു ഓഫീസര്‍ ജെസ്വിന് ജോസ്, എം.സനല്‍, എം.പി.സന്ധ്യ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.