കാസര്‍കോട്: പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍ജനിക്ക് വേണ്ടി ബംഗളൂരു ആസ്ഥാനമായുള്ള മലബാര്‍ മുസ്ലിം അസോസിയേഷന് 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഇന്ന് രാവിലെ പ്രസിഡന്റും കർണാടക കോൺഗ്രസ്സ് നേതാവുമായ ഡോ. എന്‍.എ. മുഹമ്മദിന്റെ നേതൃത്വത്തില്‍ മലബാര്‍ മുസ്ലിം അസോസിയേഷന് നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെഇന്ന് നേരിട്ട് കണ്ട് 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ഡോ. എന്‍.എ. മുഹമ്മദിനോടൊപ്പം ജനറല്‍ സെക്രട്ടറി ടി.സി. സിറാജ്, ട്രഷറര്‍ സി.എം. മുഹമ്മദ് ഹാജി, വൈസ് പ്രസിഡണ്ടുമാരായ എ. മമ്മുഹാജി, അഡ്വ. പി. ഉസ്മാന്, സെക്രട്ടറി കെ.സി. അബ്ദുല്‍ ഖാദര്‍ എന്നിവരുമുണ്ടായിരുന്നു. പിറന്ന നാടിനോടും കൂടപ്പിറപ്പുകളോടും ബംഗളൂരു മലബാര്‍ മുസ്ലിം ജമാഅത്ത് കാണിക്കുന്ന ഈ സ്നേഹം നന്മയുടെ വലിയ പാഠമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്‍ എം.പി. പി. കരുണാകരന്, എം. രാജഗോപാല്‍ എം.എല്‍.എ. എന്നിവര്‍ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
1934ല്‍ രൂപം കൊണ്ട ബംഗളൂരു മലബാര്‍ മുസ്ലിം അസോസിയേഷന് എണ്ണമറ്റ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ സംഘടനയാണ്. ബംഗളൂരുവിലെ മലയാളികളുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും വേണ്ടി സംഘടന നടത്തുന്ന ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.