ദോഷമകറ്റാൻ മന്ത്രവാദി സ്ത്രീകളെക്കൊണ്ട് ചോരകുടിപ്പിച്ചു, ഛർദ്ദിച്ച് അവശയായ യുവതി ആശുപത്രിയിൽ
കാസർകോട്: പൈവളിഗെ മരിക്കയിൽ കർണാടക സ്വദേശിനികളെ കോഴിച്ചോര കുടിപ്പിച്ച സംഭവത്തിൽ മന്ത്രവാദിക്കെതിരെ മഞ്ചേശ്വരം പൊലീസ് അന്വേഷണം തുടങ്ങി. വീട്ടിലെ ദോഷം പരിഹരിക്കാനുള്ള ക്രിയകളെന്ന് വിശ്വസിപ്പിച്ചാണ് പ്രശ്നപരിഹാരത്തിനെത്തിയ രണ്ടു സ്ത്രീകളെ ഇയാൾ കോഴിച്ചോര കുടിപ്പിച്ചത്. വീട്ടിൽ മടങ്ങിയെത്തിയ ഇവരിൽ ഒരാൾ ഛർദ്ദിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇവരുടെ പരാതിപ്രകാരം അന്വേഷണത്തിനെത്തിയ പൊലീസിനെ കണ്ടതോടെ വീടിന്റെ മതിൽ ചാടിക്കടന്ന് മന്ത്രവാദി രക്ഷപ്പെട്ടു.ഒരാഴ്ച മുമ്പാണ് പൈവളിഗെ കർണാടക അതിർത്തി പ്രദേശത്ത് നിന്ന് രണ്ട് സ്ത്രീകൾ വീട്ടിൽ ചില പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് മന്ത്രവാദിയുടെ വീട്ടിൽ എത്തിയത്. പ്രശ്നം ഗുരുതരമാണെന്നും ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ പല ദുരിതങ്ങളും അനുഭവിക്കേണ്ടിവരുമെന്നുമായിരുന്നു മന്ത്രവാദിയുടെ ഉപദേശം. മന്ത്രവാദം മാത്രമാണ് ഏക പോംവഴിയെന്നും ഇയാൾ സ്ത്രീകളെ വിശ്വസിപ്പിച്ചു.ഇയാളുടെ നിർദ്ദേശപ്രകാരം വെള്ളിയാഴ്ച്ച രാത്രി മന്ത്രവാദത്തിനുള്ള രണ്ട് കോഴികളുമായി രണ്ടു സ്ത്രീകളും മരിക്കെയിൽ എത്തി.ഈ കോഴികളുടെ ചോരയാണ് സ്ത്രീകളെ കുടിപ്പിച്ചത്. തൊട്ടടുത്ത ദിവസം ഛർദ്ദി അനുഭവപ്പെട്ട സ്ത്രീയോട് ബന്ധുക്കൾ കാര്യം അന്വേഷിച്ചപ്പോഴാണ് മന്ത്രവാദിയുടെ ചെയ്തികൾ പുറംലോകമറിഞ്ഞത്.പിന്നാലെ സ്ത്രീകൾ മന്ത്രവാദിക്കെതിരെ മഞ്ചേശ്വരം പൊലീസിൽ പരാതി നൽകുകയായിരുന്നു. മരിക്കയിൽ മന്ത്രവാദിയും അമ്മയും താമസിക്കുന്ന വീട്ടിൽ നിന്ന് അർദ്ധരാത്രിയോടടക്കുമ്പോൾ ചില ദിവസങ്ങളിൽ ആളുകളുടെ നിലവിളികൾ കേൾക്കാമെന്ന് നാട്ടുകാരും പറയുന്നു. ചാടിപ്പോയ മന്ത്രവാദിക്കായി പൊലീസ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.