സംസ്ഥാനത്ത് പെൻഷൻ പ്രായം 60 ആക്കി, ബാധകം ഈ വിഭാഗത്തിന്
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി എകീകരിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി. വിവിധ സമിതികളുടെ റിപ്പോർട്ട് അംഗീകരിച്ചാണ് സർക്കാരിന്റെ നടപടി. നിലവിൽ പല സ്ഥാപനങ്ങളിലും വ്യത്യസ്ത പെൻഷൻ പ്രായം ആയിരുന്നു. നിലവിൽ വിരമിച്ചവർക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല. കെ എസ് ഇ ബി, കെ എസ് ആർ ടി സി, വാട്ടർ അതോറിറ്റി എന്നിവയ്ക്കും പുതിയ ഉത്തരവ് ബാധകമല്ല. ഇവിടങ്ങളിലെ പെൻഷൻ പ്രായം പഠിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.ഇതോടെ സർക്കാർ ജീവനക്കാരും പെൻഷൻ പ്രായം ഉയർത്തണമെന്ന ആവശ്യം ശക്തമാക്കാൻ സാദ്ധ്യതയുണ്ട്. പെൻഷൻ പ്രായം ഉയർത്തുന്നത് പുതിയ തൊഴിൽ അവസരങ്ങൾക്ക് വെല്ലുവിളിയാകുമെന്നതിനാൽ യുവജന സംഘടനകൾ പ്രതിഷേധവുമായി മുന്നോട്ടുവരുമെന്നതിൽ സംശയമില്ല.