കണ്ണൂര്‍: കണ്ണൂര്‍ വിമാനതാവളത്തില്‍ നിന്ന് 57 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. ദുബായില്‍നിന്ന് രണ്ടു വിമാനങ്ങളിലെത്തിയ കാസര്‍കോട് സ്വദേശികളായ ദാവൂദ്, ഷാഹുല്‍ ഹമീദ് എന്നിവരില്‍ നിന്നാണ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 700 ഗ്രാം വീതം സ്വര്‍ണ്ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 57.12 ലക്ഷം രൂപ വിലമതിക്കുന്നതാണ് പിടികൂടിയ സ്വര്‍ണ്ണം.സുഗന്ധദ്രവ്യ കുപ്പികളുടെ അടപ്പുകളിലും ട്രോളി ബാഗിനുള്ളില്‍ ചെറിയ വയറിന്റെ രൂപത്തിലുമാണ് സ്വര്‍ണ്ണം കടത്തുവാന്‍ ശ്രമിച്ചത്. ഇരുവര്‍ക്കും കാസർകോട്ടെ ഏതെങ്കിലും സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നതുസംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്ന് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ മധുസൂദന ഭട്ട്, സൂപ്രണ്ട് കെ. സുകുമാരന്‍ എന്നിവര്‍ അറിയിച്ചു.ഈ വര്‍ഷം ഇതുവരെയായി 5 തവണ കണ്ണൂരില്‍ നിന്നു സ്വര്‍ണ്ണം പിടികൂടിയിട്ടുണ്ട്. ജനുവരി 10 ന് 638 ഗ്രാം, 12 ന് 460 ഗ്രാം, 20 ന് 808 ഗ്രാം എന്നിങ്ങനെയായിരുന്നു ഈ വര്‍ഷത്തെ മറ്റ് സ്വര്ണ്ണവേട്ടകള്. ഉദ്ഘാടനം ചെയ്ത് പതിനേഴാം ദിവസമാണ് കണ്ണൂരില്‍ നിന്ന് ആദ്യമായി സ്വര്‍ണ്ണം പിടികൂടിയത് 2 കിലോ സ്വര്‍ണ്ണമായിരുന്നു അന്ന് പിടിച്ചെടുത്തത്. തുടര്‍ന്ന് 398 ദിവസത്തിനിടയില്‍ 24.46 കോടിരൂപ മൂല്യമുള്ള 59.956 കിലോ സ്വര്‍ണ്ണം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇതിനകം പിടികൂടി.