സ്കിൻ തിളക്കം മങ്ങി മോശമായോ? ഈ ഭക്ഷണങ്ങളൊന്ന് കഴിച്ചുനോക്കൂ…
പല കാരണങ്ങള്‍ കൊണ്ടും നമ്മുടെ സ്കിൻ ബാധിക്കപ്പെടാം. മലിനീകരണം, ഭക്ഷണത്തിലെ വ്യതിയാനങ്ങള്‍, സ്ട്രെസ് തുടങ്ങി വിവിധ ഘടകങ്ങള്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ നേരിട്ട് തന്നെ സ്വാധീനിക്കുന്നു. ഉദാഹരണത്തിന് ഉത്സവങ്ങളോ ആഘോഷങ്ങളെ വരുമ്പോള്‍ അതിന്റെ ഭാഗമായുണ്ടാകുന്ന തിരക്ക്, മലിനീകരണം തുടങ്ങിയ പ്രശ്നങ്ങള്‍- അതുപോലെ ആഘോഷവേളകളിലെ അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ എല്ലാം ചര്‍മ്മത്തെ മോശമായി ബാധിക്കാം.
ഇത്തരത്തില്‍ ചര്‍മ്മം പെട്ടെന്ന് ബാധിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ ഇതിന് അല്പം കൂടി ശ്രദ്ധയോ കരുതലോ നല്‍കേണ്ടി വരാം. ഒപ്പം തന്നെ സ്കിൻ ഭംഗിയാക്കാനും അതിനെ പൂര്‍വാരോഗ്യത്തിലേക്ക് കൊണ്ടുവരാനും ഭക്ഷണത്തിലൂടെയും ചിലത് ചെയ്യാനാകും. അതിന് സഹായിക്കുന്ന ഏതനും ഭക്ഷണങ്ങളെ കുറിച്ച് അറിയാം…
ഒന്ന്…
ഡയറ്റില്‍ കൂടുതലായി പച്ചക്കറികള്‍, ജ്യൂസുകള്‍ സ്മൂത്തികള്‍ എന്നിവ ഉള്‍പ്പെടുത്തുക. സ്കിന്നില്‍ നിന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്ന തിളക്കമോ ആരോഗ്യമോ വീണ്ടെടുക്കാൻ പച്ചക്കറികളിലെയും പഴങ്ങളിലെയുമെല്ലാം പോഷകങ്ങള്‍ സഹായിക്കും. നല്ലരീതിയില്‍ പച്ചക്കറികളും പഴങ്ങളും കഴിക്കാനായാല്‍ മറ്റ് അനാവശ്യമായ ഭക്ഷണങ്ങള്‍ ഉപേക്ഷിക്കാനും സാധിക്കും.
ഓറഞ്ച് ജ്യൂസ്, മാതളം ജ്യൂസ്, കക്കിരി- ബീറ്റ്റൂട്ട്- നേന്ത്രപ്പഴം മുതലായവ കൊണ്ട് തയ്യാറാക്കുന്ന സ്മൂത്തികള്‍ എന്നിവയെല്ലാം ചര്‍മ്മത്തിന് നല്ലതാണ്.
രണ്ട്…
ഇലക്കറികളും നന്നായി ഡയറ്റിലുള്‍പ്പെടുത്താം. ഇതും ചര്‍മ്മത്തിന് ഏറെ നല്ലതാണ്. വൈറ്റമിൻ-എ, സിങ്ക്, അയേണ്‍, മഗ്നീഷ്യം, പൊട്ടാസ്യം എന്നിങ്ങനെയുള്ള ഇലക്കറികളില്‍ അടങ്ങിയ ഘടകങ്ങളെല്ലാം ചര്‍മ്മത്തെ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ചീര, ബ്രൊക്കോളി, ഗ്രീൻ ഒനിയൻ, സെലെറി, കക്കിരി എന്നിവയെല്ലാം കഴിക്കാം.
മൂന്ന്…
ഡ്രൈ ഫ്രൂട്ട്സ്- നട്ട്സ് എന്നിവയും ചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും വീണ്ടെടുക്കാൻ പെട്ടെന്ന് സഹായിക്കും. മുന്തിരി, ഈന്തപ്പഴം, ബദാം, വാള്‍നട്ടസ്, അണ്ടിപ്പരിപ്പ് എന്നിവയെല്ലാം വൈറ്റമിനുകളുടെയും ധാതുക്കളുടെയും നല്ല കലവറകളാണ്. ഇവയിലെ ആന്റി ഓക്സിഡന്റ് ഘടകങ്ങളും ചര്‍മ്മത്തിന് നല്ലതുതന്നെ. ചര്‍മ്മത്തിനേറ്റ കേടുപാടുകള്‍ പരിഹരിക്കുന്നതിനാണിവ സഹായകമാവുക. ദിവസം തുടങ്ങുമ്പോള്‍ തന്നെ ഒകുപിടി ഡ്രൈഫ്രൂട്ട്സ്- നട്ട്സ് എന്നിവയില്‍ തുടങ്ങാം.
നാല്…
ഇഞ്ചി- ചെറുനാരങ്ങ എന്നിവ മിക്ക വീടുകളിലും സാധാരണഗതിയില്‍ കാണുന്ന രണ്ട് ചേരുവകളാണ്. ഇവയും ചര്‍മ്മത്തിന് ഏറെ നല്ലതുതന്നെ. ചര്‍മ്മത്തിനേറ്റിട്ടുള്ള കേടുപാടുകള്‍ പരിഹിരിക്കുന്നതിന് ഇവ സഹായകമാണ്. ഇഞ്ചിയിലും ചെറുനാരങ്ങയിലുമെല്ലാം അടങ്ങിയിട്ടുള്ള ആന്റി-ഓക്സിഡന്റുകള്‍ രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനും ചര്‍മ്മം തിളക്കമുള്ളതാക്കുന്നതിനും സഹായിക്കുന്നു.
അഞ്ച്…
വൈറ്റമിൻ- സി കാര്യമായ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന് നല്ലതാണ്. ഓറഞ്ച്, ആപ്പിള്‍, സ്ട്രോബെറി തുടങ്ങി ഫ്രൂട്ട്സ് എല്ലാം വൈറ്റമിൻ-സിയാല്‍ സമ്പന്നമാണ്. ഇവയില്‍ നല്ലതോതില്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നു എന്നതിനാലും ഇവ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.