ലോകകപ്പിന് ആവേശം ഇരട്ടിയാക്കാൻ ആടിപ്പാടി മോഹൻലാൽ; സംഗീത ആൽബം പുറത്ത്
ദോഹ: ഫിഫ ഖത്തർ ലോകകപ്പിന് ആവേശമേകി മോഹൻലാലിന്റെ സംഗീത ആൽബം. ദോഹയിൽ നടന്ന ചടങ്ങിലാണ് മോഹൻലാൽ പാടി അഭിനയിച്ച ആൽബം പ്രകാശനം ചെയ്തത്. സുപ്രീം കമ്മിറ്റി പ്രതിനിധികളും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും ഇന്ത്യൻ സ്പോർട്സ് സെന്റർ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.ഫുട്ബോളിനെ പ്രാണനായി കരുതുന്ന മലപ്പുറവും അവിടുത്തെ സെവൻസ് ഫുട്ബോളിനെയും കുറിച്ചാണ് ആൽബം. ലോകകപ്പിന് മത്സരിക്കാനെത്തുന്നവരോടും ആരാധകരോടും മലപ്പുറത്തിന്റെ ഫുട്ബോൾ ചരിത്രം പറഞ്ഞുവയ്ക്കുകയാണ് ഈ നാല് മിനിട്ടുള്ള ആൽബം. മലപ്പുറത്തിന്റെ ഫുട്ബോൾ പ്രേമത്തോടുള്ള ആദരമായിട്ടാണ് ഗാനം ഒരുക്കിയതെന്ന് ദോഹയിൽ നടന്ന ചടങ്ങിൽ മോഹൻലാൽ പറഞ്ഞു. കൃഷ്ണദാസ് പങ്കിയുടെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബാണ് ഈണം നൽകിയിരിക്കുന്നത്. ടി കെ രാജീവ് കുമാറാണ് സംവിധാനം. സമയം ഇവിടെ നിശ്ചലമാവുകയാണ് ലോകകപ്പ് തുടങ്ങുമ്പോൾ എന്ന മോഹൻലാലിന്റെ ഡയലോഗോടുകൂടിയാണ് ആൽബം അവസാനിക്കുന്നത്.