ജസ്റ്റിസ് കെ.ടി ശങ്കരൻ കേന്ദ്ര നിയമ കമ്മീഷൻ അംഗമായേക്കും
ന്യൂഡൽഹി: കേരള ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് കെ.ടി ശങ്കരൻ കേന്ദ്ര നിയമ കമ്മീഷൻ അംഗമായേക്കും. കർണാടക ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തിയെ കമ്മീഷന്റെ പുതിയ ചെയർമാനായി നിയമിക്കാനും കേന്ദ്ര സർക്കാർ നടപടി ആരംഭിച്ചു. ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് കേന്ദ്ര നിയമ മന്ത്രാലയ വൃത്തങ്ങൾ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
2005 മുതൽ 2016 വരെ കേരള ഹൈക്കോടതിയിലെ ജഡ്ജി ആയിരുന്നു ജസ്റ്റിസ് കെ.ടി ശങ്കരൻ. അതിന് ശേഷം കേരള ജുഡീഷ്യൽ അക്കാദമി ഡയറക്ടർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്വദേശിയാണ് ജസ്റ്റിസ് ശങ്കരൻ.
2021 ഒക്ടോബർ മുതൽ 2022 ജൂലൈ വരെ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു ഋതു രാജ് അവസ്തി. അതിന് മുമ്പ് അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജി ആയിരുന്നു. ഹിജാബ് നിരോധനത്തിന് അനുകൂലമായ വിധി പ്രസ്താവിച്ചത് ചീഫ് ജസ്റ്റിസ് അവസ്തി അധ്യക്ഷനായ ബെഞ്ച് ആയിരുന്നു.