തിരക്കേറിയ റോഡിൽ തോക്ക് ചൂണ്ടി ഫോർച്യൂണർ എസ്യുവി കവര്‍ന്നു!
തിരക്കേറിയ റോഡില്‍ തോക്ക് ചൂണ്ടി അക്രമികള്‍ വാഹനം കവര്‍ന്നു. കഴിഞ്ഞ ദിവസം പുലർച്ചെ ദില്ലിയിലെ കന്റോൺമെന്റ് ഏരിയയിൽ ആണ് സംഭവം എന്ന് ഹിന്ദുസ്ഥാൻ ടൈംസിനെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ടൊയോട്ട ഫോർച്യൂണർ ഉടമയുടെ എസ്യുവി മൂന്ന് അക്രമികൾ തോക്ക് ചൂണ്ടി കവർച്ച ചെയ്തതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഉത്തര്‍ പ്രദേശിലെ മീററ്റ് സ്വദേശിയായ രാഹുൽ എന്ന 35 കാരനായ ഫോർച്യൂണർ ഉടമയ്ക്കാണ് തന്റെ വാഹനം നഷ്ടമായത്.
സംഭവത്തിന്റെ സിസിടിവി വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ ദൃശ്യങ്ങളില്‍ ഉടമ തന്റെ വെളുത്ത എസ്യുവി ഒരു മൂലയിൽ പാർക്ക് ചെയ്യുന്നത് കാണാൻ സാധിക്കും. മൂന്നു പേർ മോട്ടോർ സൈക്കിളിൽ വരുന്നതും കാണാം.കവര്‍ച്ചക്കാരിൽ ഒരാൾ എസ്യുവിക്ക് ചുറ്റും നോക്കുന്നു. ഡ്രൈവർ ഫോർച്യൂണറിൽ നിന്ന് പുറത്തിറങ്ങുമ്പോൾ, കവര്ച്ചക്കാരില്ന ഒരാള്‍ തന്റെ പോക്കറ്റിൽ നിന്ന് പിസ്റ്റൾ എടുത്ത് ഡ്രൈവര്‍ക്ക് നേരെ ചൂണ്ടുന്നതും ഭീഷണിപ്പെടുത്തുന്നതും കാണാം. താമസിയാതെ, തോക്കുമായി മറ്റൊരാളം ഇയാളോടൊപ്പം ചേരുന്നു. ആദ്യത്തെ മോഷ്ടാവ് ഡ്രൈവറുടെ കയ്യിൽ നിന്ന് താക്കോൽ തട്ടിയെടുക്കാൻ ശ്രമിക്കുന്നതും കാണാം.
ഫോർച്യൂണർ ഉടമ കവർച്ചക്കാരെ ഒഴിവാക്കാൻ ശ്രമിക്കുന്നു. പക്ഷേ അവർ കൈയിൽ തോക്കുകളുമായി അയാളെ പിന്തുടരുന്നു. സമീപത്തെ വാഹനത്തിലുള്ളവർ പുറത്തിറങ്ങുന്നതും സംഭവം ശ്രദ്ധിക്കുന്നതും കാണാം. ഫോർച്യൂണറിന് സമീപം പാർക്ക് ചെയ്തിരുന്ന ഒരു ടാക്സി ഉടൻ സ്ഥലത്ത് നിന്നും ഓടിച്ചുപോകുന്നതും വീഡിയോയില്‍ കാണാം.
ഒടുവില്‍ രണ്ട് കവര്‍ച്ചക്കാര്‍ ചേര്‍ന്ന് വാഹനത്തിന്റെ താക്കോല്‍ കൈക്കലാക്കുകയും രക്ഷപ്പെടുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് ഫോര്‍ച്യൂണര്‍ ഉടമ പൊലീസില്‍ വിവരം അറിയിച്ചു. മൂന്ന് അജ്ഞാതർ മോട്ടോർ സൈക്കിളിൽ വന്ന് തോക്ക് ചൂണ്ടി തന്റെ വെളുത്ത ടൊയോട്ട ഫോർച്യൂണർ കവർച്ച ചെയ്യുകയായിരുന്നുവെന്ന് പരാതിക്കാരൻ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 397 (മോഷണം, അല്ലെങ്കിൽ കൊള്ളയടിക്കൽ, മരണം അല്ലെങ്കിൽ ഗുരുതരമായ പരിക്കേൽപ്പിക്കുന്നതിനുള്ള ശ്രമം), 34 എന്നിവ പ്രകാരം പോലീസ് കേസെടുത്തു. കേസിന്റെ അന്വേഷണം നടക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പ്രതികളെ കണ്ടെത്തി വരികയാണെന്നും പ്രതികളെ പിടികൂടാൻ സംഘങ്ങൾ രാപ്പകലില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.