നേരിട്ടെത്തി ഉമ്മൻ ചാണ്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി
ഉമ്മൻചാണ്ടിക്ക് എഴുപത്തിയൊമ്പതാം പിറന്നാൾ ആശംസകൾ നേർന്ന് നടൻ മമ്മൂട്ടി. നേരിട്ടെത്തിയാണ് ആശംസകൾ അറിയിച്ചത്. ആലുവ പാലസിലെത്തിയ മമ്മൂട്ടിയെ ഉമ്മൻചാണ്ടിയും കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചു. നിർമ്മാതാവ് ആന്റോ ജോസഫും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.
ചികിത്സയ്ക്കായി ജർമ്മനിയിലേക്ക് പോകാൻ ഒരുങ്ങുന്ന ഉമ്മൻചാണ്ടിയോട് ഉടൻ സുഖം പ്രാപിച്ച് വരാനും മമ്മൂട്ടി പറഞ്ഞു. ഭൂതകാല ഓർമ്മകൾ പങ്കുവെച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്.
പേര് വിളിച്ച് അടുത്തെത്താനുള്ള സ്വാതന്ത്ര്യവും അടുപ്പവുമാണ് ഒരു ശരാശരി മലയാളിയെ സംബന്ധിച്ചിടത്തോളം ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് ആറ് വർഷം പിന്നിടുമ്പോഴും, സംഘടനാ രംഗത്ത് പഴയ പ്രതാപമില്ലെങ്കിലും ജനപ്രീതിയുടെ കാര്യത്തിൽ ഉമ്മൻചാണ്ടിയെ മറികടന്ന ഒരു കോൺഗ്രസുകാരൻ കേരളത്തിലില്ല. ജനങ്ങളുമായുള്ള ഈ ജൈവിക ബന്ധമാണ് ഉമ്മൻചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ അദ്ദേഹത്തിന്റെ 79-ാം ജന്മദിനത്തിലും പ്രസക്തനാക്കുന്നത്.