കുന്നംകുളത്ത് പെട്രോൾ പമ്പിൽ കവർച്ച; ബൈക്കിലെത്തിയ നാലംഗ സംഘം പതിനായിരം രൂപ കവർന്ന് രക്ഷപ്പെട്ടു
തൃശ്ശൂർ: കുന്നംകുളം പാറേമ്പാടത്ത് പെട്രോൾ പമ്പിൽ കവർച്ച. രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘം പമ്പിലെ മേശയിൽ സൂക്ഷിച്ചിരുന്ന പതിനായിരം രൂപ കവർന്ന് രക്ഷപ്പെട്ടു. പമ്പിലെത്തി പെട്രോളടിച്ച ശേഷവും പോകാതെ നിന്ന സംഘം ജീവനക്കാർ മറ്റൊരു വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ തിരിഞ്ഞപ്പോൾ പണം കവരുകയായിരുന്നു. തിരികെയെത്തി പണം നഷ്ടപ്പെട്ടത് മനസ്സിലാക്കി ജീവനക്കാർ ഇവരോട് ചോദിച്ചെങ്കിലും ഒരു സംഘം പെട്ടന്ന് ബൈക്കെടുത്ത് കടന്നു കളയുകയായിരുന്നു. രണ്ടാമത്തെ സംഘം എത്തിയ ബൈക്ക് സ്റ്റാർട്ട് ആയില്ല. തുടർന്ന് ഇവർ രണ്ടുപേരും ഓടി രക്ഷപ്പെടുകയായിരുന്നു. ജീവനക്കാർ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. മോഷണ ദൃശ്യങ്ങൾ പമ്പിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഉപേക്ഷിച്ച ബൈക്കിൽ വെസ്റ്റ് ബംഗാൾ രജിസ്ട്രേഷൻ സൂചിപ്പിക്കുന്ന നമ്പറാണുള്ളത്. ഇത് വ്യാജമാണോ എന്ന് സംശയമുണ്ട്. സംഭവത്തിൽ കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ക്യാമറകളും ഉപേക്ഷിച്ചു പോയ ബൈക്കുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം.