മോര്‍ബി അപകടം: രണ്ട് പതിറ്റാണ്ടിനിടയിലെ ലോകത്തെ ഏറ്റവും വലിയ പാലം ദുരന്തം
ന്യുഡല്‍ഹി: ഗുജറാത്തിലെ മോര്‍ബിയില്‍ 132 പേരുടെ മരണത്തിനിടയാക്കിയ തൂക്കുപാലം ദുരന്തം അടുത്ത് കാലത്ത് ലോകം സാക്ഷ്യംവഹിച്ച ഏറ്റവും വലിയ പാലംദുരന്തമാണെന്ന് റിപ്പോര്‍ട്ടുകള്‍. 100 വര്‍ഷത്തിലേറെ പഴക്കമുള്ള മാച്ചുവിലെ മോര്‍ബി പാലം ഇന്നലെയാണ് അപകടത്തില്‍പെട്ടത്. അമിതഭാരവും ആളുകള്‍ പാലം ഇളക്കിയതുംമൂലം ഹൈടെന്‍ഷന്‍ കമ്പികള്‍ പൊട്ടിവീഴുകയായിരുന്നു. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും പാലത്തിനുണ്ടായിരുന്നില്ല.
2021 മേയില്‍ മെക്സിക്കോ സിറ്റിയില്‍ 26 പേരുടെ മരണത്തിനിടയാക്കിയ അപകടമാണ് ഇതിനു മുന്‍പ് നടത്ത സമാനമായ മറ്റൊരു ദുരന്തം. യാത്രക്കാര്‍ ഇരച്ചുകയറിയതോടെയാണ് മെക്സിക്കോ സിറ്റി മെട്രോ സിസ്റ്റം തകര്‍ന്നുവീഴുകയായിരുന്നു. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
2016ല്‍ കൊല്‍ക്കൊത്തയില്‍ തിരക്കേറിയ നഗരത്തില്‍ ഫ്ളൈ ഓവര്‍ തകര്‍ന്നുവീണ് 26 പേര് മരിച്ചു. 100 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂറ്റന്‍ കോണ്‍ക്രീറ്റ് സ്ലാബുകളും മെറ്റലും വീണതാണ് ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചത്.
2011 ഒക്ടോബറില്‍ ഡാര്‍ജലിംഗില്‍ ഉത്സാവഘോഷത്തിനിടെ പാലം തകര്‍ന്നുവീണ് 32 പേര് മരണപ്പെട്ടിരുന്നു. ആഴ്ചകള്‍ക്കുള്ളില്‍ അരുണാചല്‍ പ്രദേശില്‍ നടപ്പാലം തകര്‍ന്നു നദിയില്‍വീണ് 30 പേര്‍ക്കാണ് ജീവഹാനിയുണ്ടായത്.
2007ല്‍ നേപ്പാളിലും ചൈനയിലും സമാനമായ ദുരന്തമുണ്ടായി. ഓഗസ്റ്റില്‍ ചൈനയില്‍ സെന്‍ട്രല്‍ ഹുവാന്‍ പ്രവിശ്യയില്‍ നിര്‍മ്മാണത്തിലിരുന്ന പാലം നദിയിലേക്ക് തകര്‍ന്നുവീണ് 64 പേര് മരിച്ചു. അതേവര്‍ഷം ഡിസംബറില്‍ നേപ്പാളില്‍ തീര്‍ഥാടകര്‍ കയറിയ പാലം തകര്‍ന്നുവീണ് 16 പേര് മരിക്കുകയും 25 പേരെ കാണാതാവുകയും ചെയ്തു. ഭേരി നദിയിലേക്കാണ് പാലം തകര്‍ന്നുവീണത്. അപകടത്തിപെട്ടപ്പോള് 400 പേരായിരുന്നു പാലത്തിലുണ്ടായിരുന്നത്.
2006 ഓഗസ്റ്റില്‍ പാകിസ്താനിലെ മര്ദനില് കനത്ത മഴയില്‍ പാലം ഒഴുക്കില്‍ പെട്ട് 40 പേരാണ് മരിച്ചത്. ഡിസംബറില്‍ ബിഹാറില്‍ 150 വര്‍ഷം പഴക്കമുള്ള റെയിലവേ പാലം തകര്‍ന്ന് 34 പേര് മരിച്ചു. 2003 ഓഗസ്റ്റില്‍ മുംബൈയില്‍ പാലം തകര്‍ന്ന് 19 കുട്ടികള്‍ ഉള്‍പ്പെടെ 20 പേര് മരിച്ചു. ഒരു സ്കൂള്‍ ബസും നാല് മറ്റു വാഹനങ്ങളും നദിയിലേക്ക് പതിക്കുകയായിരുന്നു.
2003 ഡിസംബറില്‍ ബൊളീവിയയില്‍ പാലം തകര്‍ന്ന് ബസ് നദിയില്‍ പതിച്ച് 29 പേര്‍ക്കാണ് ജീവഹാനിയുണ്ടായത്.