വിമാനക്കമ്പനി ജീവനക്കാരെ ഉപയോഗിച്ച് സ്വര്‍ണക്കടത്ത്; മുഖ്യപ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ്
കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനക്കമ്പനി ജീവനക്കാരെ ഉപയോഗിച്ച് അഞ്ചുകിലോ സ്വര്‍ണംകടത്തിയ കേസില്‍ മുഖ്യപ്രതികള്‍ക്കായി കസ്റ്റംസ് അന്വേഷണം വ്യാപകമാക്കി.
കോഴിക്കോട് കരുവന്തിരിത്തി സ്വദേശി റിയാസ് (35), കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ഷബീബ് ഹുസ്സൈന്‍ (36), ജലീല്‍ നേര്‍ക്കൊട്ടുപോയില്‍ (30) എന്നിവര്‍ക്കായാണ് അന്വേഷണം വ്യാപകമാക്കിയത്. ഇവര്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി.
ദുബായില്‍നിന്ന് സ്വര്‍ണം കൊണ്ടുവന്ന വയനാട് സ്വദേശി അസ്കര്‍ അലി കൊപ്രക്കോടന്‍ കഴിഞ്ഞദിവസം കസ്റ്റംസില്‍ കീഴടങ്ങിയിരുന്നു.
സെപ്റ്റംബര്‍ 12-ന് അഞ്ചുകിലോ സ്വര്‍ണമിശ്രിതം കസ്റ്റംസ് പിടികൂടിയതാണ് കേസിനാസ്പദമായ സംഭവം. ഇന്‍ഡിഗോ വിമാനത്തില്‍ കോഴിക്കോട്ടെത്തിയ അസ്കര്‍ അലിയുടെ ബാഗില്‍നിന്നാണ് ഈ സ്വര്‍ണമിശ്രിതം പിടികൂടിയത്. ഇയാള്‍ പിന്നീട് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് ഇന്‍ഡിഗോ ജീവനക്കാരെ കസ്റ്റംസ് പിടികൂടിയിരുന്നു.
ഇതിനിടയില്‍ റിയാസ് കാറില്‍ എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് വരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കരിപ്പൂര്ഭാഗത്തുവെച്ച് കസ്റ്റംസ് കാര്‍ തടഞ്ഞുനിര്‍ത്തി പിടികൂടാന്‍ ശ്രമിച്ചിരുന്നു. എങ്കിലും ഉദ്യോഗസ്ഥരെ തട്ടിത്തെറിപ്പിച്ച് അയാള്‍ രക്ഷപ്പെട്ടു. പിന്നീട് കരിപ്പൂര്‍ പോലീസ് റിയാസിന്റെ കാര്‍ ഫറോക്കിലെ ഒരു ബന്ധുവിന്റെ വാടകവീട്ടില്‍നിന്ന് കണ്ടെടുത്തു.
ഇതിനിടയില്‍ ഇതേ സംഘവുമായി ബന്ധമുള്ള സമീര്‍ അറാംതൊടിയെയും റിയാസിന്റെ ഡ്രൈവറായി സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന ഷാമിലിനെയും പിടികൂടി.
കഴിഞ്ഞദിവസം കീഴടങ്ങിയ അസ്കര്‍ അലിയുടെ മൊഴിയിലുള്ളത് അഞ്ചുകിലോ സ്വര്‍ണമടങ്ങിയ ബാഗ് താന്‍ എടുക്കാതെ പോകുകയും വിമാനത്താവളത്തിന് പുറത്തെത്തി ടാക്സിവിളിച്ച് സ്വന്തം നാടായ വയനാട്ടിലേക്ക് പോവുകയും ചെയ്തുവെന്നാണ്.
സ്വര്‍ണ വാഹകനായ യാത്രക്കാരന് എന്ന നിലയില്‍ ഇയാള്‍ക്ക് 60,000 രൂപ വാഗ്ദാനം ചെയ്തിരുന്നു. ഇത് നല്‍കാമെന്ന് ഏറ്റത് ദുബായിലുള്ള ഷബീബ്, ജലീല്‍ എന്നിവരായിരുന്നു.
എന്നാല്‍, സ്വര്‍ണം കസ്റ്റംസ് പിടികൂടിയതോടെ അസ്കര്‍ അലി കാഠ്മണ്ഡു വിമാനത്താവളംവഴി ദുബായിലേക്ക് പോകാന്‍ തീരുമാനിച്ചു. എന്നാല്‍ ഇന്ത്യന്‍ എംബസിയുടെ നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് ആവശ്യമായതിനാല്‍ യാത്ര മുടങ്ങി. ഒരുതരത്തിലും രക്ഷയില്ലെന്ന അവസ്ഥയിലാണ് ഇയാള്‍ കസ്റ്റംസിന് കീഴടങ്ങിയത്.