യുവതികളെയും പെൺകുട്ടികളെയും കണ്ടാൽ സുധീഷ് രാഘവൻ ജോലി തുടങ്ങും, തൊഴിൽ ഉച്ചതിരിഞ്ഞ് ഷവർമ്മ മേക്കിംഗും രാവിലെ നഗ്നതാപ്രദർശനവും
തിരുവനന്തപുരം: പൊതുസ്ഥലത്ത് പെൺകുട്ടികൾക്ക് മുമ്പിൽ നഗ്നതാപ്രദർശനം നടത്തിയ യുവാവ് നഗരത്തിലെ ഷോപ്പിംഗ് മാൾ ജീവനക്കാരിയുടെ ഇടപെടലിൽ അറസ്റ്റിലായി. പോത്തൻകോട് സ്വദേശി സുധീഷ് രാഘവനാണ് (34) പിടിയിലായത്. ഇന്നലെ രാവിലെ എട്ടിന് ജോലി സ്ഥലത്തേക്ക് പരാതിക്കാരിയുൾപ്പെടെയുള്ള പെൺകുട്ടികൾ ഒരുമിച്ച് നടന്നുപോകുമ്പോഴാണ് ബൈക്കിലെത്തിയ ഇയാൾ കരിക്കകം വെൺപാലവട്ടം അടിപ്പാതയുടെ താഴെവച്ച് നഗ്നതാപ്രദർശനം നടത്തിയത്.യുവതി 12ഓടെ പേട്ട സ്റ്റേഷനിലെത്തി എസ്.എച്ച്.ഒ എം.ബി. റിയാസ് രാജയ്ക്ക് പരാതി നൽകുകയായിരുന്നു.വാഹനത്തിന്റെ രൂപവും നമ്പറിന്റെ ചില അക്കങ്ങളും യുവതി പൊലീസിനോട് പറഞ്ഞു. തുടർന്ന് നമ്പരുകൾ എല്ലാം ഒത്തുനോക്കി സി.സി ടിവി കാമറകൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം കല്ലറയ്ക്കടുത്താണ് പ്രതിയുടെ സ്ഥലമെന്ന് പേട്ട പൊലീസ് മനസിലാക്കിയത്. പിന്നാലെ കല്ലറ പോസ്റ്റോഫീസ് വഴിയുള്ള അന്വേഷണത്തിൽ പ്രതിയുടെ ഭാര്യയുടെ നമ്പർ കണ്ടെത്തി. ഭാര്യ ഫോണെടുത്തില്ലെങ്കിലും ട്രൂകോളർ ആപ്പിൽ സുദീഷ് ഷവർമ്മ എന്ന പേരും പോത്തൻകോടുള്ള ഹോട്ടലിന്റെ ചിത്രവും പൊലീസിന് ലഭിച്ചു. ഇയാൾ പോത്തൻകോടുള്ള ഒരു ബേക്കറിയിലെ ഷവർമ്മ മേക്കറാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതോടെ പൊലീസ് സംഘം മഫ്തിയിൽ പോത്തൻകോടുള്ള ഹോട്ടലിലെത്തി പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു.വൈകിട്ട് ആറോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് യുവതി മടങ്ങിയത്. ഇയാൾ പലദിവസങ്ങളിലും ഇതേ സ്ഥലത്ത് പെൺകുട്ടികൾക്ക് മുമ്പിൽ നഗ്നതാപ്രദർശനം നടത്തുമെങ്കിലും ഭയം കാരണം ആരും പരാതിപ്പെട്ടിരുന്നില്ല. സമാന കേസിൽ ഇയാളെ 2017ൽ തമ്പാനൂർ പൊലീസ് അറസ്റ്റുചെയ്തിരുന്നു. മ്യൂസിയത്ത് സ്ത്രീക്കെതിരെ അതിക്രമം നടന്ന പശ്ചാത്തലത്തിൽ ഇയാളെപ്പറ്റി കൂടുതൽ കാര്യങ്ങൾ അന്വേഷിക്കാനാണ് പൊലീസ് തീരുമാനം. 12.30ന് പരാതി ലഭിച്ച് നാല് മണിക്കൂറിനകം ടവർലോക്കേഷൻ, സി.സി ടിവി കാമറകൾ ഉപയോഗിച്ച് വേഗത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. ഡി.സി.പി അജിത്ത് കുമാറിന്റെ നിർദ്ദേശത്തിൽ ശംഖുംമുഖം എ.സി പൃഥ്വിരാജ്, എസ്.എച്ച്.ഒ റിയാസ് രാജയുടെ നേതൃത്വത്തിൽ എസ്.ഐ സുധീഷ് കുമാർ, സി.പി.ഒമാരായ കണ്ണൻ, സനൽ ,ശ്രീജിത്ത് ഷൈൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.