സ്കൂൾ പരിപാടിക്ക് വേണ്ടി ഭഗത് സിംഗിന്റെ വധശിക്ഷ അനുകരിച്ചു; പന്ത്രണ്ടുകാരന് ദാരുണാന്ത്യം
ബംഗളൂരു: സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ വധശിക്ഷ അനുകരിച്ച പന്ത്രണ്ടുകാരന് ദാരുണാന്ത്യം. കർണാടകയിലെ ചിത്രദുർഗയിലാണ് സംഭവം. സ്കൂളിൽ അവതരിപ്പിക്കാനുള്ള പരിപാടിയുടെ റിഹേഴ്സൽ വീട്ടിൽ വച്ച് ചെയ്യുന്നതിനിടെയാണ് അബദ്ധത്തിൽ സഞ്ജയ് ഗുപ്ത എന്ന കുട്ടിയുടെ കഴുത്തിൽ കയർ മുറുകി മരണപ്പെടുന്നത്. സംഭവം നടക്കുന്ന സമയം കുട്ടി വീട്ടിൽ തനിച്ചായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.സഞ്ജയുടെ മാതാപിതാക്കളായ നാഗരാജും ഭാഗ്യലക്ഷ്മിയും നഗരത്തിൽ വീടിനോട് ചേർന്ന് ഭക്ഷണശാല നടത്തുകയാണ്. ഇവർ രാത്രി ഒമ്പത് മണിയോടെ വീട്ടിലേയ്ക്ക് മടങ്ങിയെത്തിയപ്പോഴാണ് മകനെ സീലിംഗ് ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ചൊവ്വാഴ്ച നടക്കാനിരിക്കുന്ന രാജ്യോത്സവ ആഘോഷത്തോടനുബന്ധിച്ച് സ്കൂൾ സാംസ്കാരിക പരിപാടിക്ക് വേണ്ടിയുള്ള നാടകത്തിൽ ഭഗത് സിംഗിനെ അവതരിപ്പിക്കാനിരിക്കുകയായിരുന്നു കുട്ടിയെന്ന് പിതാവ് നാഗരാജ് പൊലീസിനോട് പറഞ്ഞു. എന്നാൽ ഭഗത് സിംഗിന്റെ വേഷം ചെയ്യാൻ ഒരു വിദ്യാർത്ഥിയോടും ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സ്കൂളിലെ പ്രധാനാദ്ധ്യാപകൻ കെ ടി കൊട്രേഷ് പറഞ്ഞത്. കർണാടക രാജ്യോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഫാൻസി ഡ്രസ് മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് കന്നഡയുടെ വികസനത്തിനും സമ്പന്നമായ സംസ്കാരത്തിനും പൈതൃകത്തിനും സംഭാവന നൽകിയ പ്രമുഖ വ്യക്തികളുടെ വേഷം അവതരിപ്പിക്കാമെന്ന് അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.