ആലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു
ആലപ്പുഴ: അരൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു. ദേശീയപാതയില്‍ ചന്തിരൂര്‍ ഭാഗത്ത് ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം നടന്നത്. എറണാകുളം ഭാഗത്തുനിന്നും ആലപ്പുഴ ഭാഗത്തേക്ക് പോയ കാറാണ് അപകടത്തില്‍പ്പെട്ടത്. സംഭവം നടന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള വര്‍ക്ക്ഷോപ്പില്‍ നിന്ന് മിനി ലോറി റോഡിലേക്ക് ഇറങ്ങവെയാണ് അപകടം.
ലോറിയുടെ ഡീസല്‍ ടാങ്കില്‍ തന്നെ കാര്‍ ഇടിച്ചുകയറുകയായിരുന്നു. നാലുപേരാണ് കാറിലുണ്ടായിരുന്നത്. കാറിലേക്ക് തീ പടരാന്‍ തുടങ്ങിയപ്പോള്‍ തന്നെ നാട്ടുകാരെത്തി യാത്രക്കാരെ പുറത്തെത്തിച്ചു. ഈ സമയം രണ്ടുപേര്‍ക്ക് ബോധമുണ്ടായിരുന്നില്ല. ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിച്ച് തീ അണയ്ക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നാലെ ഫയര്‍ഫോഴ്സ് എത്തി തീ അണക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ഒരു സ്ത്രീയടക്കം മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.