ഷാരോൺ കൊലക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു, അണുനാശിനി കുടിച്ചു; ജീവനൊടുക്കാൻ ശ്രമിച്ചത് പൊലീസ് സ്റ്റേഷനിൽ
തിരുവനന്തപുരം: ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാവിലെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ വച്ചായിരുന്നു ആത്മഹത്യാ ശ്രമം. ശുചിമുറിയിൽ സൂക്ഷിച്ചിരുന്ന ലൈസോൾ കുടിക്കുകയായിരുന്നുവെന്നാണ് വിവരം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പ്രതിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇന്നലെ അർദ്ധരാത്രി ഒന്നേകാലോടെയാണ് യുവതിയെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. ഛർദിച്ചതിനെ തുടർന്നാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. യുവതിയുടെ ആരോഗ്യനില സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കേസിൽ യുവതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഗ്രീഷ്മയുടെ മാതാപിതാക്കളെയും അമ്മാവനെയും ബന്ധുവായ യുവതിയേയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കൊലപാതകത്തിന് യുവതിയെ ആരെങ്കിലും സഹായിച്ചിരുന്നോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. വിവാഹത്തിന് മുമ്പ് ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്ന് ഗ്രീഷ്മ മൊഴി നൽകിയിരുന്നു.