ഫെയ്സ്ബുക്കില്‍ 3 ലക്ഷം ഫോളോവേഴ്സ്, നിരവധിഗ്രൂപ്പുകളുടെ അഡ്മിന്;ചെറിയ തുക നല്കി കാറുമായി മുങ്ങും
പാലക്കാട്: ഹൈടെക് കാര്‍ മോഷ്ടാവും സഹായിയും പോലീസിന്റെ പിടിയില്‍. പാലക്കാട് ചിറ്റൂര്‍ തെക്കേദേശം ആലാംകടവ് പാറക്കല്‍ വീട്ടില്‍ നവാസ് (36), കൂട്ടുപ്രതി കോട്ടയം എം.എല്‍. റോഡ് അറക്കേക്കുന്നേല്‍ വീട്ടില്‍ മുഹമ്മദ് (44) എന്നിവരെയാണ് കസബ പോലീസ് പിടികൂടിയത്. ഫേസ്ബുക്കില്‍ 317000 ഫോളോവേഴ്സുള്ളയാളാണ് പിടിയിലായ നവാസ്.
നവാസിന് ഫേസ്ബുക്കില്‍ ‘പഴയ വാഹനം വില്പന’ എന്ന ഗ്രൂപ്പുണ്ട്. നവാസുതന്നെ പതിനഞ്ചോളം വ്യാജപേരുകളില്‍ അഡ്മിനാണ്. ഗ്രൂപ്പില്വരുന്ന വാഹനങ്ങള്‍, വാങ്ങാനെന്ന വ്യാജേന നവാസ് വാഹന ഉടമസ്ഥരോട് ഫോണില്‍ ബന്ധം സ്ഥാപിക്കും. ശേഷം ചെറിയ തുക അയച്ചുകൊടുത്ത് ടെസ്റ്റ് ഡ്രൈവിനായി വാഹനം ആവശ്യപ്പെടും. ഈ വാഹനങ്ങളുമായാണ് നവാസ് കടന്നുകളയുന്നത്.
ഒക്ടോബര്‍ 24-ന് സമാനരീതിയില്‍ ചന്ദ്രനഗറില്‍വെച്ച് കോഴിക്കോട് വടകര കുറിഞ്ഞാലിയോട് കീഴത്തുവീട്ടില്‍ ഭവീഷിന് 15,000 രൂപ മാത്രം കൊടുത്ത് നവാസ് കാറുമായി കടന്നു. പരാതിയെത്തുടര്‍ന്ന് സി.സി.ടി.വി., സി.ഡി.ആര്. എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ കുഴല്മന്ദത്തുനിന്നാണ് പ്രതികള്‍ പിടിയിലായത്. മോഷണം പോയ കാര്‍ കോയമ്പത്തൂരില്‍നിന്ന് കണ്ടെടുത്തു.
പ്രതികള്‍ക്ക് സംസ്ഥാനത്തുടനീളം വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. നവാസിന്റെ പേരില്‍ മാത്രം പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലായി 14 മോഷണക്കേസുകളുണ്ട്. നിരവധി തവണ പ്രതികള്‍ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷണത്തിലൂടെ ലഭിക്കുന്ന പണം പ്രതികള്‍ ആഡംബരജീവിതം നയിക്കുന്നതിനാണ് ഉപയോഗിച്ചിരിക്കുന്നത്.
കസബ പോലീസ് ഇന്‍സ്പെക്ടര്‍ എന്‍.എസ്. രാജീവിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ എം. ഉദയകുമാര്‍, എ. രംഗനാഥന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രിയ, ശിവാനന്ദന്, സിവില്‍ പോലീസ് ഓഫീസര്‍ രജീദ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.