സൺസ്ക്രീൻ ശരീരത്തിൽ വിറ്റാമിൻ ഡി ഉൽപ്പാദിപ്പിക്കുന്നത് കുറയ്ക്കുന്നു;കൂടുതൽ അറിയാൻ
പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് വിറ്റാമിൻ ഡി. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് ആവശ്യമായ ഘടകം കൂടിയാണിത്. എന്നാൽ ഈ കാലഘട്ടത്തിൽ കുട്ടികൾ മുതൽ മുതിർന്നവരിൽ വരെ വിറ്റാമിൻ ഡിയുടെ അഭാവം കണ്ടുവരാറുണ്ട്. ശരീരത്തിന് അവശ്യം വേണ്ട വിറ്റാമിൻ ഡി പ്രദാനം ചെയ്യുന്നതിൽ ഏറ്റവും നല്ല സ്രോതസാണ് സൂര്യൻ. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് കിരണങ്ങളുടെ സഹായത്തോടെ നമ്മുടെ ശരീരം തന്നെയാണ് വിറ്റാമിൻ ഡി നിർമ്മിക്കുന്നത്. എന്നാൽ സൂര്യ പ്രകാശം ദീർഘനേരം ഏൽക്കുന്നത് വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. എങ്ങനെയാണ് സൂര്യപ്രകാശം ശരിയായ രീതിയിൽ ഏൽക്കേണ്ടതെന്ന് പലർക്കു അറിയാത്തതാണ് ഇതിന് കാരണം.
വെയിൽ ഏൽക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശരീരം മുഴുവൻ മൂടിപ്പുതച്ചുള്ള വസ്ത്രങ്ങൾ ഒഴിവാക്കി വേണം വെയിൽ ഏൽക്കാൻ. അധികം വെയിൽ ഏൽക്കേണ്ടതില്ല. 10 മിനിട്ട് ഇളവെയിൽ കൊള്ളുന്നതാണ് ഉത്തമം.
എന്നാൽ ചില പഠനങ്ങൾ പറയുന്ന പ്രകാരം, ചർമ്മത്തെ വെയിലിൽ നിന്ന് സംരക്ഷിക്കാൻ ഉപയോഗിക്കുന്ന സൺസ്ക്രീൻ ശരീരത്തിൽ വിറ്റാമിൻ ഡി ഉൽപ്പാദിപ്പിക്കുന്നത് തടയും. കാരണം വിറ്റാമിൻ ഡി ഉൽപ്പാദനത്തിന് അൾട്രാവയലറ്റ് കിരണങ്ങൾ ആവശ്യമാണ്. 30 അല്ലെങ്കിൽ അതിൽ കൂടുതൽ എസ് പി എഫ് ഉള്ള സൺസ്ക്രീൻ ഉപയോഗിക്കുന്നത് ശരീരത്തിൽ വിറ്റാമിൻ ഡി ഉൽപ്പാദനം 95 മുതൽ 98 ശതമാനം വരെ കുറക്കുന്നു. അതിനാൽ വെയിൽ കായുന്ന സമയത്ത് സൺസൺസ്ക്രീൻ ലോഷനുകളും ക്രീമുകളും പുരട്ടരുത്.
സൂര്യപ്രകാശം ലഭിക്കാൻ അനുയോജ്യമായ സമയം ഉച്ചയാണ്. ഈ സമയത്താണ് സുര്യൻ കൂടുതൽ ശക്തമായ അൾട്രാവയലറ്റ് കിരണങ്ങൾ പുറത്ത് വിടുന്നത്. അതിനാൽ ശരീരത്തിന് ആവശ്യത്തിന് വിറ്റാമിൻ ഡി ഉൽപ്പാദിപ്പിക്കാൻ കഴിയും. പ്രത്യേകിച്ച് ശെെത്യകാലത്ത് വെയിൽ കൊള്ളുന്നത് വളരെ നല്ലതാണ്.