തിരുവനന്തപുരത്തെ അഞ്ച് വയസുകാരന്റെ അമ്മയ്ക്കൊപ്പം ഒളിച്ചോടി, പൊലീസ് സ്റ്റേഷനിലെത്തി ഒന്നിച്ചുജീവിക്കണമെന്ന് പറഞ്ഞു; കാമുകിയുടെ മറുപടി കേട്ടതോടെ യുവാവ് കൈ ഞരമ്പ് മുറിച്ചു
കോഴിക്കോട്: തിരുവനന്തപുരത്തുനിന്ന് കാണാതായ അഞ്ച് വയസുകാരന്റെ മാതാവിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മലപ്പുറം നിലമ്പൂർ കരുളായി സ്വദേശി അക്ബറലിയാണ് (24) വനിതാ പൊലീസ് സ്റ്റേഷനിൽ എത്തി കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.വിവാഹിതയായ ഇരുപത്തിയാറുകാരിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ വ്യാഴാഴ്ചയാണ് തിരുവനന്തപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കേസിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിൽ അക്ബർ യുവതിക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തങ്ങൾ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും കമിതാക്കൾ പൊലീസിനെ അറിയിച്ചു.തിരുവനന്തപുരത്ത് കേസ് രജിസ്റ്റർ ചെയ്തതിനാൽ യുവതിയെ കസ്റ്റഡിയിൽ വയ്ക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇരുവരും തമ്മിൽ മലപ്പുറത്തെ വീട്ടിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. തുടർന്ന് താൻ യുവാവിനൊപ്പം പോകുന്നില്ലെന്ന് യുവതി പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് സ്റ്റേഷനിൽ നിന്നിറങ്ങിയ യുവാവ് സമീപത്തെ കടയിൽ നിന്ന് ബ്ലേഡ് വാങ്ങി തിരിച്ചെത്തി ഞരമ്പ് മുറിക്കുകയായിരുന്നു.യുവാവിനെ കോഴിക്കോട് ബീച്ച് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമല്ല. യുവതിയെ തിരുവനന്തപുരം പൊലീസിനൊപ്പം വിടുമെന്ന് പൊലീസ് അറിയിച്ചു.