മലപ്പുറത്ത് നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു; എതിരെ വന്ന കാറിടിച്ച് യുവാവിന് ദാരുണാന്ത്യം
മലപ്പുറം: നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. എടപ്പാൾ സ്വദേശി വിപിൻദാസ്(31) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ടയർ കടയിലെ ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോവുകയായിരുന്നു വിപിൻ. എടപ്പാൾ തുയ്യം എന്ന സ്ഥലത്ത് വച്ചാണ് നായ ബൈക്കിന് കുറുകെ ചാടിയത്. ഉടൻ ബൈക്ക് റോഡിലേയ്ക്ക് മറിഞ്ഞ് വീണു. തൽക്ഷണം എതിരേ വന്ന കാർ വിപിൻ ദാസിന്റെ ദേഹത്ത് കൂടി കയറിയിറങ്ങുകയായിരുന്നു. ശേഷം കാർ നിർത്താതെ പോയി. ചോരയിൽ കുളിച്ച് കിടന്നിരുന്ന വിപിനെ നാട്ടുകാരെത്തി ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു.