ഇന്ത്യയിൽ ഇസ്ളാമിക ഭരണം സ്ഥാപിക്കാൻ പോപ്പുലർ ഫ്രണ്ട് ശ്രമം നടത്തി, കേരളത്തിൽ കാര്യങ്ങൾ നിയന്ത്രിച്ചത് റൗഫ് എന്ന് റിപ്പോർട്ട്
പാലക്കാട്: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ബുദ്ധികേന്ദ്രം കൂടിയായ മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫിനെ വെള്ളിയാഴ്ച പുലർച്ചെ 12.30ന് പട്ടാമ്പി കരിമ്പുള്ളിയിലെ വീടുവളഞ്ഞ് കൊച്ചിയിലെ എൻ.ഐ.എ സംഘം അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലിനായി കൊച്ചിയിലെത്തിച്ചു. ഒരുമാസം മുമ്പ് രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻ.ഐ.എ പരിശോധന നടത്തിയതിനു പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. കർണാടകയിലും തമിഴ്നാട്ടിലും ഒളിവിൽ കഴിഞ്ഞശേഷം കഴിഞ്ഞ ദിവസം വീട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടർന്നാണ് എൻ.ഐ.എ സംഘമെത്തിയത്.
നിരോധനത്തിനു ശേഷം കേരളത്തിൽ കലാപത്തിന് നീക്കം നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതിനായി നൂറിലധികം കേന്ദ്രങ്ങളിൽ രഹസ്യയോഗങ്ങളും ചേർന്നു. ഒളിവിലിരുന്ന് ഇതെല്ലാം നിയന്ത്രിച്ചിരുന്നത് റൗഫായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കുറച്ചു ദിവസമായി റൗഫിന്റെ ബന്ധുക്കളുടെയും സുഹൃത്തുകളുടെയും വീടുകൾ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞയാഴ്ച റൗഫിന്റെ വീട് റെയ്ഡ് ചെയ്ത് ചില ലഘുലേഖകൾ പിടിച്ചെടുത്തിരുന്നു.
നിരോധനത്തിനു ശേഷം നേതാക്കൾക്ക് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയതും രഹസ്യമായി സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങളടക്കം നിയന്ത്രിച്ചിരുന്നതും റൗഫായിരുന്നു എന്നും അന്വേഷണ സംഘം പറയുന്നു. വിദേശ ഫണ്ട്, പ്രവർത്തകർക്കുള്ള നിയമ സഹായം തുടങ്ങിയ കാര്യങ്ങളും ഇയാളുടെ നേതൃത്വത്തിലായിരുന്നു. ഹർത്താലിൽ വ്യാപക ആക്രമണം നടത്തിയതിന് പിന്നിലും റൗഫിന്റെ പ്രേരണയുണ്ട്. പി.എഫ്.ഐ പ്രവർത്തകർ പ്രതികളായ രാഷ്ട്രീയ കൊലപാതകങ്ങളിൽ റൗഫിന്റെ പങ്ക് സംബന്ധിച്ച സൂചനകൾ അന്വേഷണ സംഘങ്ങൾക്ക് ലഭിച്ചിരുന്നെങ്കിലും അറസ്റ്റിലേക്ക് എത്തിയിരുന്നില്ല.