ഇവിടെ നിന്ന് വിഷമൊന്നും കൊടുത്തിട്ടില്ല, കഷായത്തിന് കയ്പുണ്ടോയെന്ന് ചോദിച്ചപ്പോഴാണ് ഷാരോണിന് നൽകിയത്; തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പെൺസുഹൃത്ത്
തിരുവനന്തപുരം: പാറശാലയിലെ ഷാരോണിന്റെ ദുരൂഹമരണത്തിൽ കുടുംബത്തിന്റെ ആരോപണം നിഷേധിച്ച് പെൺസുഹൃത്ത്. ഷാരോണിന് താൻ വിഷം നൽകിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പെൺകുട്ടി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.ഷാരോണുമായി ഒരുവർഷമായി പ്രണയത്തിലായിരുന്നതായി പറയപ്പെടുന്ന ഈ പെൺകുട്ടിക്കും വീട്ടുകാർക്കുമെതിരെ യുവാവിന്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഷാരോണിന്റേത് കൊലപാതകമാണെന്നും, പ്രണയത്തോട് പെൺകുട്ടിയുടെ വീട്ടുകാർക്കുണ്ടായ എതിർപ്പാണ് കൊലപാതകത്തിന് കാരണമെന്നുമാണ് ആരോപണം. കഴിഞ്ഞ ബുധനാഴ്ചയാണ് യുവാവ് മരിച്ചത്.അതേസമയം, യുവാവിന്റെ മരണത്തിനു പിന്നാലെ പെൺകുട്ടിയുമായുള്ള വാട്സാപ്പ് ചാറ്റുകളും, പെൺകുട്ടി ഷാരോണിന്റെ സുഹൃത്തുക്കളുമായി നടത്തിയ ഫോൺ സംഭാഷണവും വീട്ടുകാർ പുറത്തുവിട്ടു. താൻ കുടിച്ചുകൊണ്ടിരുന്ന കഷായമാണ് ഷാരോണിന് നൽകിയതെന്ന് പെൺകുട്ടി പറയുന്നത് ഓഡിയോയിലുണ്ട്. രാവിലെയും കഷായം കുടിച്ചിരുന്നു. കഷായത്തിന് കയ്പ്പുണ്ടോയെന്ന് ഷാരോൺ ചോദിച്ചപ്പോഴാണ് കഷായം നൽകിയത്. കഷായത്തിന്റെ അവസാന ഡോസായിരുന്നുവെന്നും, താൻ കഴിച്ചതിന്റെ ബാക്കിയാണ് നൽകിയതെന്നുമാണ് പെൺകുട്ടി പറയുന്നത്. ഇവിടെനിന്ന് വിഷമൊന്നും കൊടുത്തിട്ടില്ലെന്ന് ഉറപ്പുണ്ടെന്നും പെൺകുട്ടി ഷാരോണിന്റെ സുഹൃത്തിനോട് പറയുന്നു.മരണത്തിനു മുമ്പ് പെൺകുട്ടിയുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളിൽ കഷായത്തെക്കുറിച്ച് ഷാരോൺ ചോദിക്കുന്നതിന്റെ സ്ക്രീൻ ഷോട്ടുകളും പ്രചരിക്കുന്നുണ്ട്. ഛർദ്ദിക്കുമെന്ന് കരുതിയില്ലെന്നും ക്ഷമ ചോദിക്കുന്നതായും പെൺകുട്ടി പറയുന്നതും കേൾക്കാം. പച്ച നിറത്തിലാണ് ഛർദ്ദിച്ചതെന്ന് ഷാരോൺ പറയുമ്പോൾ, അത് കഷായത്തിന്റെ നിറം അങ്ങനെയായതുകൊണ്ടാകാം എന്നാണ് പെൺകുട്ടിയുടെ മറുപടി. തനിക്ക് ഒട്ടും വയ്യെന്ന് പറയുന്ന ഷാരോൺ കഷായത്തിന്റെ പേര് ചോദിക്കുന്നുണ്ട്. കഷായം ഉണ്ടാക്കിയതാണെന്നും ചോദിച്ചിട്ട് പറയാമെന്നുമാണ് പെൺകുട്ടിയുടെ മറുപടി.മരുന്നു തന്ന സ്ഥലത്തേക്ക് വിളിച്ചുചോദിക്കാൻ ഷാരോൺ ആവശ്യപ്പെടുമ്പോൾ ചോദിക്കാമെന്ന് പെൺകുട്ടി മറുപടി നൽകുന്നതും ഓഡിയോയിലുണ്ട്. കഷായത്തിനുശേഷം കുടിച്ച ജ്യൂസിന്റെ കുഴപ്പമാകുമെന്നും ചാറ്റിൽ പറയുന്നുണ്ട്. അമ്മയെ വീട്ടിൽ കൊണ്ടുവിട്ട ഓട്ടോക്കാരനും ഈ ജ്യൂസ് കുടിച്ച് പ്രശ്നമുണ്ടായതായി പെൺകുട്ടി പറയുന്നുണ്ട്. ഷാരോണുമായുള്ള ബന്ധം താൻ വിട്ടെന്നാണ് വീട്ടുകാർ കരുതുന്നതെന്നും അതിനാൽ അവർ ഒന്നും ചെയ്യില്ലെന്നും പെൺകുട്ടി ഷാരോണിന്റെ സുഹൃത്തിനയച്ച സന്ദേശത്തിൽ പറയുന്നു.