ബീഹാറിൽ പൂജയ്ക്കിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; പൊലീസുകാരടക്കം മുപ്പതിലധികം പേർക്ക് പരിക്ക്, പത്ത് പേരുടെ നില ഗുരുതരം
ഔറംഗാബാദ്: ബീഹാറിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മുപ്പതിലധികം പേർക്ക് പരിക്ക്. ഇതിൽ പത്ത് പേരുടെ നില ഗുരുതരമാണ്. ഔറംഗാബാദ് ജില്ലയിലെ ഷാഗഞ്ച് പ്രദേശത്ത് ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം.അനിൽ ഗോസ്വാമി എന്നയാളുടെ വീട്ടിലാണ് അപകടമുണ്ടായത്. കുടുംബാംഗങ്ങൾ “ഛാത്ത് പൂജ”യ്ക്കുള്ള പ്രസാദം ഉണ്ടാക്കുന്നതിനിടയിൽ ഗ്യാസ് സിലിണ്ടറിന് തീപിടിക്കുകയായിരുന്നു. തുടർന്ന് തീ ആളിപ്പടരുകയും ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയുമായിരുന്നു.
വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി, വെള്ളമൊഴിച്ച് തീയണയ്ക്കാൻ ശ്രമിച്ചു. ഇതിനിടെ ഏഴ് പൊലീസുകാർക്കും പൊള്ളലേറ്റു. പരിക്കേറ്റവരെ ഔറംഗേബാദിലെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്യാസ് പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമെന്ന് അനിൽ ഗോസ്വാമി മാദ്ധ്യമങ്ങളോട് പറഞ്ഞു