ദിലീപിന് കനത്ത തിരിച്ചടി: തുടരന്വേഷണ റിപ്പോർട്ട് നിലനിൽക്കുമെന്ന് കോടതി, ക്രൈം ബ്രാഞ്ചിന് ആശ്വാസം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് കനത്ത തിരിച്ചടി. തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതിയായ ദിലീപും കൂട്ട് പ്രതി ശരത്തും നൽകിയ ഹർജിയിൽ എറണാകുളം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളി. റിപ്പോർട്ടിലെ കുറ്റങ്ങൾ നിലനിൽക്കുമെന്ന് കോടതി വിലയിരുത്തി. കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിന് ഈ മാസം 31ന് ഹാജരാകാൻ പ്രതികളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സെഷൻസ് ജഡ്ജ് ഹണി എം.വർഗീസാണ് വിധി പ്രസ്താവിച്ചത്.സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു ദിലീപിന്റെ വാദം. തുടരന്വേഷണ റിപ്പോർട്ട് തള്ളി വിചാരണ എത്രയും വേഗം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ആദ്യ കുറ്റപത്രത്തിൽ ദിലീപിനെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. തുടരന്വേഷണത്തിന് പിന്നാലെ ദിലീപിനെതിരെ ഒരു കുറ്റം കൂടി ചുമത്തി. ഹൈക്കോടതി ഹാജരാക്കാൻ നിർദ്ദേശിച്ച ഫോണിലെ വിവരങ്ങൾ നീക്കിയതിനാണ് പുതിയ കുറ്റം ചുമത്തിയത്. മുംബയിലെ ലാബിൽ വച്ചും സ്വകാര്യ ഹാക്കറെ ഉപയോഗിച്ചും ദിലീപ് ഫോണുകളിലെ തെളിവ് നശിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ വാദം.നടിയെ ആക്രമിച്ച് പകത്തിയ ദൃശ്യങ്ങൾ ഒളിപ്പിച്ചെന്ന കുറ്റമാണ് ദിലീപിന്റെ സുഹൃത്തായ ശരത്തിനെതിരെ തുടരന്വേഷണത്തിൽ ചുമത്തിയിട്ടുള്ളത്. തുടരന്വേഷണത്തിന് ശേഷം ശരത്തിനെ മാത്രമാണ് അറസ്റ്റ് ചെയ്തിരുന്നത്. നടിയുടെ അപകീർത്തികരമായ
ദൃശ്യങ്ങൾ ഐപാഡിൽ ആക്കി ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിച്ചത് ശരത് ആണെന്നും ഈ ദൃശ്യം കാണാൻ തന്നെ ക്ഷണിച്ചിരുന്നതായും ബാലചന്ദ്രകുമാർ മൊഴി നൽകിയിട്ടുണ്ട്. 112 സാക്ഷി മൊഴികളും 300ൽ ഏറെ അനുബന്ധ തെളിവുകളുമാണ് തുടരന്വേഷണ റിപ്പോർട്ടിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയത്.എന്തായാലും നടി ആക്രമിക്കപ്പെട്ട കേസിൽ വലിയ ആശ്വസമാണ് കോടതി വിധിയോടെ ക്രൈം ബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. തുടർ അന്വേഷണ റിപ്പോർട്ടിൽ ഒന്നുമില്ലെന്നും, ക്രൈം ബ്രാഞ്ച് ഉണ്ടാക്കിയ കള്ളക്കഥയാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസ് തോൽക്കുമെന്ന ഘട്ടത്തിലെത്തയപ്പോഴാണ് ക്രൈം ബ്രാഞ്ച് തുടരന്വേഷണമെന്ന കള്ളക്കഥയുമായി എത്തിയതെന്നും ദിലീപ് കോടതിയിൽ വാദിച്ചിരുന്നു. ഇതാണ് ഇപ്പോൾ കോടതി തള്ളിയത്.