ഫിറോസ് ഇസ്മയില്‍ കേരളത്തിലെത്തി, ശ്രീലങ്കന്‍ സ്ഫോടനക്കേസ് പ്രതികളെ കണ്ടു
ചെന്നൈ: കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ അറസ്റ്റിലായ പ്രതി ഫിറോസ് ഇസ്മയില്‍ കേരളത്തില്‍ എത്തിയിരുന്നതായി പോലീസ്. ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്ഫോടന കേസിലെ പ്രതികളായ മുഹമ്മദ് അഹ്സറുദീന്‍, റാഷിദ് അലി എന്നിവരെ കാണാനാണ് കേരളത്തില്‍ എത്തിയതെന്ന് ഫിറോസ് പോലീസിനെ അറിയിച്ചിട്ടുണ്ട്.
2019 ഏപ്രിലില്‍ നടന്ന ശ്രീലങ്കയിലെ സ്ഫോടനത്തിലെ രണ്ട് പ്രതികള്‍ ഇപ്പോള്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്നുണ്ട്. റാഷിദ് അലി, മുഹമ്മദ് അഹ്സറുദീന്‍ എന്നീ രണ്ട് പേരും ഐഎസ് ബന്ധം ഉള്ളവരാണ്. വിയ്യൂരിലെത്തി ഇവരെ കണ്ടുവെന്നാണ് ഫിറോസ് കോയമ്പത്തൂര്‍ പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.
കോയമ്പത്തൂര്‍ സ്ഫോടനത്തിന് ഐഎസ് ബന്ധമുണ്ടെന്നും ഇത് കേരളത്തിലേക്കും നീളുന്നുവെന്നുമാണ് ഇപ്പോള്‍ സംശയിക്കുന്നത്. അല്‍ ഉമ്മ എന്ന സംഘടനയുമായി സംഭവത്തിന് ബന്ധമുള്ളതായി നേരത്തെ സൂചന ലഭിച്ചിരുന്നു.
കേസിന്റെ ഗൗരവം പരിഗണിച്ചാണ് തമിഴ്നാട് സര്‍ക്കാര്‍ അന്വേഷണം ഇപ്പോള്‍ എന്‍ഐഎയ്ക്ക് കൈമാറിയിരിക്കുന്നത്. കേസില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. ഐഎസ് ബന്ധം ഉള്‍പ്പെടെ വെളിപ്പെട്ട സാഹചര്യത്തില്‍ കൂടുതല്‍പേരെ ചോദ്യംചെയ്യാനും കസ്റ്റഡിയിലെടുക്കാനും സാധ്യതയുണ്ട്.