മുഹമ്മദ് ജനീസ് മലദ്വാരത്തിലൊളിപ്പിച്ചത് ഒരുകിലോയിലധികം സ്വർണം, പിടികൂടിയത് പൊലീസ്
കോഴിക്കോട്: കോഴിക്കോട് സ്വദേശി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒരു കിലോയിലധികം സ്വർണം. കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി മുഹമ്മദ് ജനീസാണ് സ്വർണം കടത്താൻ ശ്രമിച്ചതിന് പൊലീസിന്റെ പിടിയിലായത്. ക്യാപ്സൂൾ രൂപത്തിലാക്കിയാണ് സ്വർണം ഒളിപ്പിച്ചത്.ബഹ്റൈനിൽ നിന്നാണ് ജനീസ് എത്തിയത്. കസ്റ്റംസ് പരിശോധനയ്ക്കുശേഷം വിമാനത്താവളത്തിന് പുറത്തിറങ്ങിയ ഇയാളെ പൊലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം കാറിൽ വിമാനത്താവള പരിസരത്തുനിന്ന് പുറത്തേക്ക് പോകാൻ ശ്രമിക്കുമ്പോഴാണ് പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് അമ്പതുലക്ഷത്തിലേറെ രൂപ വിലവരുമെന്നാണ് കരുതുന്നത്.നയതന്ത്ര സ്വർണക്കടത്ത് പിടിച്ചതിനുശേഷം അല്പം കുറഞ്ഞിരുന്ന സ്വർണക്കടത്ത് അടുത്തകാലത്തായി വീണ്ടും സജീവമാവുകയാണ്.