വീട്ടിൽ നിന്നിറങ്ങിയാൽ ഫോളോ ചെയ്യുന്നു, ഓഫീസിന് താഴെ മുകളിലേക്ക് നോക്കി കാത്തിരിക്കും, യുവതിയുടെ പരാതി തള്ളിയ കോടതി യുവാവിനെ കുറ്റവിമുക്തനാക്കി
മുംബയ് : മൂന്ന് മാസത്തോളമായി വീട്ടിൽ നിന്നും ഓഫീസിലേക്ക് ഇറങ്ങിയാൽ പിന്നാലെ വരും, ഫുട്പാത്തിലൂടെ നടക്കുമ്പോൾ ബൈക്കിൽ പതിയെ പിന്നാലെ എത്തും, ഓഫീസിൽ കയറിയാൽ താഴെ റോഡിൽ നിന്ന് ജനലിലേക്ക് നോക്കി നിൽക്കും. യുവാവിനെതിരെ യുവതിയുടെ പരാതി ഒടുവിൽ കോടതി കയറി. എന്നാൽ കോടതി യുവതിയുടെ പരാതി തള്ളിക്കളഞ്ഞതിന് ശേഷം യുവാവിനെ കുറ്റവിമുക്തനാക്കി. മുംബയിലെ ഒരു ഗാരേജിന്റെ ഉടമയെയാണ് കോടതി വെറുതെ വിട്ടത്.തിരക്കേറിയ മുംബയ് നഗരത്തിൽ ഒരാൾ പിന്തുടരുന്നു എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാനാവില്ല എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഇതിന് പുറമേ യുവതിക്ക് പിന്തുടരുന്ന ആളിനെ കുറിച്ച് വ്യക്തമായ വിവരങ്ങളും ഉണ്ടായിരുന്നില്ല. ഉയരം കുറഞ്ഞ, കുങ്കുമ നിറത്തിലെ തിലകം ചാർത്തിയ ആൾ എന്നാണ് പൊലീസിനോട് യുവതി പറഞ്ഞത്. ഈ ലക്ഷണങ്ങൾ ഉള്ളയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. 2017 ഓഗസ്റ്റിലാണ് സംഭവം ഉണ്ടായത്. ഓഗസ്റ്റ് മൂന്നിന് നടപ്പാലത്തിന് മുകളിലൂടെ പോയപ്പോൾ പ്രതി തനിക്ക് നേരെ കൈ വീശിക്കാണിച്ചെന്നും, ഇതാണ് പരാതി നൽകാൻ പ്രേരിപ്പിച്ചതെന്നും യുവതി ആരോപിക്കുന്നു. തന്റെ രണ്ട് സുഹൃത്തുക്കളുമായി കാര്യം സംസാരിച്ചു, അവരുടെ ഉപദേശ പ്രകാരമാണ് പൊലീസിനെ സമീപിച്ചത്.എന്നാൽ രാവിലെ തിരക്കേറിയ സമയത്ത് മുംബയിൽ ഫുട്പാത്തിലൂടെ നടക്കുന്ന ഒരാളെ റോഡിന്റെ മറുവശത്ത് നിന്ന് ബൈക്കിൽ പിന്തുടരുന്നത് വളരെ അസാദ്ധ്യമായ കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഓഫീസിൽ താഴെ നിന്ന് യുവാവ് തുറിച്ച് നോക്കുന്നത് പരാതിക്കാരുടെ തെറ്റിദ്ധാരണയാലാണെന്ന വാദം കോടതി അംഗീകരിച്ചു. യുവതിയുടെ ഓഫീസിന് താഴെ ഒരു വശത്തായിട്ടായിരുന്നു പ്രതി ജോലി ചെയ്തിരുന്ന ഗാരേജ്.