ഹരിത കര്‍മ്മ സേനയുടേത് അതുല്യമായ സേവനങ്ങള്‍; മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍
കാസര്‍കോട് : വികസന മുന്നേറ്റത്തിലും മാലിന്യ സംസ്കരണ മേഖലയിലും തുല്യതയില്ലാത്ത സേവനങ്ങളാണ് ഹരിത കര്‍മ്മ സേന കാഴ്ച വെയ്ക്കുന്നതെന്ന് തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെയും കാസര്‍കോട് ജില്ലാ ശുചിത്വമിഷന്റെയും സഹകരണത്തോടെ നടത്തിയ ഹരിത കര്‍മ്മ സേനാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിലെ മാലിന്യ സംസ്കരണ രംഗത്ത് നാലു വര്‍ഷത്തിനിടെ വന്ന പുതിയൊരു തുടക്കമാണ് ഹരിതകര്‍മസേന. നമ്മുടെ വീടുകളിലും സ്ഥാപനങ്ങളിലും ഉണ്ടാകുന്ന മാലിന്യങ്ങളെ ശാസ്ത്രീയമായി സംസ്കരിക്കാന്‍ സഹായിക്കുന്നതില്‍ ഹരിതകര്‍മസേനാംഗങ്ങളുടെ പങ്ക് വളരെ വലുതാണ്. കേരളത്തില്‍ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് വാതില്‍പ്പടി സേവനമാണ് ഹരിതകര്‍മ സേന നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. ഉറവിടത്തില്‍ തരംതിരിച്ച് വൃത്തിയാക്കിയ അജൈവ, ജൈവ മാലിന്യ ശേഖരങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കാനുള്ള സാങ്കേതിക സഹായങ്ങള്‍ ഹരിതകര്‍മസേന വഴി ലഭ്യമാക്കിയിട്ടുണ്ട്. ഇതിനു പുറമേ തെറ്റായ രീതിയില്‍ മാലിന്യ സംസ്കരണം നടത്തുന്നവരുടെ വിവരം ശേഖരിക്കാനും ബോധവത്ക്കരണം നടത്താനും ഹരിത കര്‍മ സേനയുടെ സഹായം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രയോജനപ്പെടുത്തി വരുന്നു. ബോധമുള്ള ഒരു ജനതയില്‍ നിന്നു മാത്രമേ നല്ല പ്രവര്‍ത്തനങ്ങള്‍ നമുക്ക് വീക്ഷിക്കാന്‍ സാധിക്കുകയുള്ളു. കേരളത്തിലെ 938 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 28638 ഹരിത കര്‍മ്മ സേനാംഗങ്ങള്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. പക്ഷെ പലസ്ഥലത്തും ഇവര്‍ക്ക് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തത് പൊതുജനങ്ങളില്‍ നിന്നും വേണ്ടത്ര സഹകരണം ലഭിക്കാത്തത് കൊണ്ടാണ്. ചില സ്ഥലങ്ങളിലെങ്കിലും ധാരണക്കുറവ് കാരണം ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് മുന്നില്‍ വാതിലുകള്‍ കൊട്ടിയടക്കുന്നു എന്നത് സത്യമാണ്. നിലവില്‍ 1551 സംരഭങ്ങള്‍ ഹരിത കര്‍മ്മസേനയ്ക്ക് കീഴിലുണ്ട് എന്നത് അഭിനന്ദാര്‍ഹമായ നേട്ടമാണ്. നമ്മള് ഏറ്റെടുക്കുന്ന ഉത്തരവാദിത്വം ഏത് പ്രതിസന്ധി ഘട്ടങ്ങളിലും മറികടന്ന് ഭംഗിയായി പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.
ഇ.ചന്ദ്രശേഖരന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ശ്രീലത, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ.അരവിന്ദന്, ടി.ശോഭ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.വിജയന്, എം.അബ്ദുല്‍ റഹ്മാന്, കെ.സീത, ബ്ലോക്ക് പഞ്ചായത്തംഗം എം.കെ.ബാബുരാജ്, നവകേരളം കര്‍മ പദ്ധതി ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്, ജില്ലാ ശുചിത്വ മിഷന് കോഓര്‍ഡിനേറ്റര്‍ എ.ലക്ഷ്മി, മടിക്കൈ പഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്സണ്‍ രമ പത്മനാഭന്, എം.പി.സുബ്രഹ്മണ്യന് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന് സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.യൂജിന്‍ നന്ദിയും പറഞ്ഞു.