മാതൃഭൂമി ഡയറക്ടര്‍ ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു
കോഴിക്കോട്: മാതൃഭൂമി ഡയറക്ടർ ബോർഡ് അംഗം ഉഷ വീരേന്ദ്രകുമാർ(82) അന്തരിച്ചു. എഴുത്തുകാരനും പ്രഭാഷകനും സോഷ്യലിസ്റ്റ് നേതാവും മന്ത്രിയും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന പരേതനായ എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യയാണ്.
മഹാരാഷ്ട്രയില്‍ ബെല്‍ഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്മിലയുടെയും മകളായ ഉഷാദേവി 1958- ലാണ് വീരേന്ദ്രകുമാറിന്റെ ജീവിതസഖിയായത്.
വീരേന്ദ്രകുമാറിന്റെ ജീവിതത്തിലുടനീളം ഉഷ കൂടെയുണ്ടായിരുന്നു. ലോകം മുഴുവന്‍ സഞ്ചരിച്ച വീരേന്ദ്രകുമാറിന്റെ യാത്രകളിലെല്ലാം അവരും ഒപ്പമുണ്ടായിരുന്നു. എഴുത്തുകാരനും വാഗ്മിയും ജനപ്രതിനിധിയും സമരനായകനുമെല്ലാമായി എം.പി. വീരേന്ദ്രകുമാര്‍ പടര്‍ന്നു പന്തലിച്ചപ്പോള്‍ അതിന്റെ വേരായിരുന്നു എല്ലാ അര്‍ഥത്തിലും ഉഷ.