കാമുകിയുടെ വീട്ടിൽ നിന്ന് ജ്യൂസ് കുടിച്ചതിന് പിന്നാലെ നീല നിറത്തിലുള്ള ദ്രാവകം ഛർദിച്ചു, വായിക്കുള്ളിൽ വ്രണങ്ങൾ, ആന്തരികാവയവങ്ങൾ ദ്രവിച്ചു; യുവാവിന്റെ മരണത്തിൽ ദുരൂഹത
തിരുവനന്തപുരം: കാമുകി നൽകിയ ജ്യൂസ് കുടിച്ചതിന് പിന്നാലെ അവശനായ യുവാവ് മരിച്ചു. പാറശ്ശാല മുര്യങ്കര ജെ പി ഹൗസിൽ ജയരാജന്റെ മകൻ ഷാരോൺ രാജ് (23) ആണ് മരിച്ചത്. ഈ മാസം പതിനാലാം തീയതി യുവാവും സുഹൃത്തും കാമുകിയുടെ വീട്ടിൽ പോയിരുന്നു.സുഹൃത്തിനെ പുറത്തുനിർത്തി ഷാരോൺ തനിച്ചാണ് വീടിനകത്തേക്ക് പോയത്. കുറച്ച് കഴിഞ്ഞ് ഷാരോൺ തിരിച്ചുവന്നപ്പോൾ കാമുകി തന്ന ജ്യൂസ് കുടിച്ചെന്നും പിന്നാലെ ഛർദിച്ചെന്നും അവശനിലയിലായ തന്നെ വീട്ടിലെത്തിക്കണമെന്നും സുഹൃത്തിനോട് ആവശ്യപ്പെടുകയും ചെയ്തു.പുറത്തുപോയിരുന്ന അമ്മ ഉച്ചയ്ക്ക് ശേഷം വീട്ടിലെത്തിയപ്പോൾ ഛർദിച്ച് അവശനിലയിൽ കിടക്കുകയായിരുന്നു ഷാരോൺ. ഉടൻ താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പരിശോധനയിൽ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്താത്തതിനെ തുടർന്ന് രാത്രിയോടെ വീട്ടിലേക്ക് പറഞ്ഞുവിട്ടു,
പിറ്റേന്ന് രാവിലെ വായിൽ വ്രണങ്ങൾ രൂപപ്പെട്ടു, വെള്ളംപോലും കുടിക്കാൻ കഴിയാത്ത സ്ഥിതിയായി. വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനേഴിന് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ വൃക്കകളുടെയും ആന്തരികാവയവങ്ങളുടെയും പ്രവർത്തനം കുറയുന്നതായി കണ്ടെത്തി. മൂന്ന് തവണയാണ് യുവാവിനെ ഡയാലിസിസിന് വിധേയനാക്കിയത്. തുടർന്ന് വെന്റിലേറ്ററിലേക്കും മാറ്റി. ഒടുവിൽ മരണം സംഭവിക്കുകയായിരുന്നു.
ആസിഡ് പോലുള്ള എന്തോ അകത്ത് ചെന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ആന്തരികാവയവങ്ങൾ ദ്രവിച്ചുപോയി. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് കഷായവും ജ്യൂസും കുടിച്ചതായി യുവാവ് ബന്ധുക്കളോട് പറഞ്ഞിരുന്നു. നീല നിറത്തിലുള്ള ദ്രാവകമാണ് യുവാവ് ഛർദിച്ചതെന്ന് സഹോദരൻ പറഞ്ഞു.