കടം കയറിയാൽ പെൺകുട്ടികളെ വിൽക്കണം, തർക്കം പരിഹരിക്കുന്നത് ബലാത്സംഗം ചെയ്ത്, കോടികളുടെ സർക്കാർ പരസ്യം ഇറക്കി വീമ്പടിക്കുന്ന രാജസ്ഥാനിലെ കാടൻ ശിക്ഷാ രീതികൾ
ജയ്പൂർ : മലയാള മാദ്ധ്യമങ്ങളിലടക്കം വികസന പുരോഗതികൾ അക്കമിട്ട് പ്രദർശിപ്പിക്കുന്ന രാജസ്ഥാൻ സർക്കാരിന്റെ പിടിപ്പ്കേട് വിശദമാക്കി മാദ്ധ്യമ റിപ്പോർട്ട്. രാജസ്ഥാനിലെ ചില ഗ്രാമങ്ങളിൽ തർക്കങ്ങൾ തീർക്കാൻ പെൺകുട്ടികളെ വിൽക്കുവാനും, ഗ്രാമീണരുടെ ഭാര്യമാരെ ബലാത്സംഗം ചെയ്യുവാനും ഗ്രാമ ജാതി കൗൺസിലുകൾ നിർദ്ദേശിക്കുന്നത് പതിവാണെന്നാണ് ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്കർ റിപ്പോർട്ട് ചെയ്യുന്നത്. ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സംസ്ഥാന സർക്കാരിനോട് സംഭവത്തിൽ റിപ്പോർട്ട് നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.രാജസ്ഥാനിലെ ഭിൽവാര പോലുള്ള സ്ഥലങ്ങളിലെ ആളുകൾ പോലീസിൽ പോകുന്നതിനുപകരം തങ്ങളുടെ തർക്കങ്ങൾ പരിഹരിക്കാൻ ജാതി കൗൺസിലുകളെയാണ് സമീപിക്കുന്നത്. ഇവിടെ നിന്നും പുറത്ത് വരുന്ന വിധി പലപ്പോഴും പെൺകുട്ടികളെ വിൽക്കണമെന്നും, അവരുടെ അമ്മമാരെ ബലാത്സംഗം ചെയ്യണമെന്നും ഒക്കെയാവും. അടുത്തിടെ പതിനഞ്ച് ലക്ഷം രൂപ കടബാദ്ധ്യതയുണ്ടായ ഒരാൾക്ക് ഈ ഗതിയാണുണ്ടായത്. കടബാദ്ധ്യത തീർക്കാൻ ജാതി കൗൺസിൽ ഇയാളുടെ സഹോദരിയേയും, പന്ത്രണ്ട് കാരിയായ മകളെയും വിൽക്കുവാനാണ് നിർബന്ധിച്ചത്.
മറ്റൊരു പെൺകുട്ടിയെ ആറ് ലക്ഷം രൂപയ്ക്ക് വിറ്റുവെന്നും, ആഗ്രയിലേക്ക് കൊണ്ടുപോയെന്നും ഈ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഈ പെൺകുട്ടി ഇത്തരത്തിൽ മൂന്ന് പ്രാവശ്യം വിൽക്കപ്പെടുകയും നാല് തവണ ഗർഭിണിയാവുകയും ചെയ്തു. പെൺകുട്ടിയുടെ മാതാവിന്റെ ചികിത്സയ്ക്കായി കടമെടുത്ത പണം നൽകാത്തതിനാലാണ് കുടുംബത്തിന് ഈ ഗതിയുണ്ടായത്.രാജസ്ഥാനിലെ ഗ്രാമങ്ങളിൽ സാമ്പത്തിക ഇടപാടുകളും വായ്പയും സംബന്ധിച്ച തർക്കങ്ങൾ ഉണ്ടായാൽ പണം തിരിച്ചുപിടിക്കാൻ പെൺകുട്ടികളെ ലേലം ചെയ്യുന്നതായും റിപ്പോർട്ടിൽ പറയുന്നു. മാദ്ധ്യമ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നടപടിയെടുത്ത് നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കുവാനാണ് രാജസ്ഥാൻ ചീഫ് സെക്രട്ടറിയോട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഗ്രാമ ജാതി കൗൺസിലുകളെ നിയന്ത്രിക്കുന്നതിനായി പഞ്ചായത്തിരാജ് നിയമം അനുസരിച്ചുള്ള ഗ്രാമസഭകൾ സജീവമാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനൊപ്പം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ പ്രോസിക്യൂട്ട് ചെയ്യണം. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാൻ രാജസ്ഥാൻ പൊലീസ് മേധാവിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.