ഇന്‍ഡോര്‍: സി.പി.ഐ.എം പ്രവര്ത്തകന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ തീ കൊളുത്തി മരിച്ചു. പൗരത്വ നിയമവും എന്‍.ആര്.സിയും നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ചാണ് 75കാരനായ രമേഷ് പ്രജാപത് സ്വയം ജീവനൊടുക്കിയതെന്ന് സി.പി.ഐ.എം പറഞ്ഞു.
ഗീതാ ഭവന് സ്ക്വയറിന് മുമ്പിലെ ബി.ആര് അംബേദ്കര്‍ പ്രതിമക്ക് മുമ്പില്‍ വച്ചാണ് രമേഷ് പ്രജാപത് തീകൊളുത്തിയത്. രമേഷ് പ്രജാപതിന്റെ ബാഗില്‍ പൗരത്വ നിയമത്തിനും എന്‍.ആര്.സിക്കും എതിരെയുള്ള ലഘുലേഖകള്‍ ഉണ്ടായിരുന്നു.എന്നാല്‍ ഇത് കൊണ്ട് മാത്രം രമേഷ് പ്രജാപതിന്റെ ആത്മഹത്യ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധമാണെന്ന് പറയാനാവില്ലെന്നാണ് തുക്കോഗഞ്ജ് പൊലീസ് പറയുന്നത്. അന്വേഷണം പൂര്‍ത്തിയായതിന് ശേഷം മാത്രമേ മരണകാരണം പറയാനാവൂ എന്നും പൊലീസ് പറഞ്ഞു.
അതേ സമയം പൗരത്വ നിയമവും എന്‍.ആര്.സിയും തന്നെയാണ് രമേഷ് പ്രജാപതിന്റെ മരണത്തിന്റെ പിന്നിലെന്ന് സി.പി.ഐ.എം നേതാവ് ബാദല്‍ സരോജ് പറഞ്ഞു.‘കാരണം വളരെ വ്യക്തമാണ്. രമേഷ് പ്രജാപത് പാര്‍ട്ടി നേതൃത്വത്തോട് സംസാരിക്കുകയും ഈ പ്രശ്നങ്ങളെ കുറിച്ച് ജനങ്ങളെ അറിയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സി.പി.ഐ.എം പുറത്തിറക്കിയ ബുക്ക്ലറ്റ് അദ്ദേഹം അംഗീകരിച്ചിരുന്നു. പക്ഷെ ഇത് ജനങ്ങളിലേക്ക് എത്തുന്നില്ലെന്ന് പറഞ്ഞിരുന്നു. ലഘുലേഖലയാണെങ്കില് ജനങ്ങളിലേക്ക് പെട്ടെന്ന് എത്തിക്കാന്‍ എളുപ്പമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹം സ്വയം ഒരു ലഘുലേഖ എഴുതുകയും അത് കയ്യില്‍ കരുതിയാണ് ഇങ്ങനെ ഒരു തീവ്ര നടപടിയിലേക്ക് പോവുകയും ചെയ്തത്’, ബാദല്‍ സരോജ് പറഞ്ഞു.ഞങ്ങള്‍ ഇങ്ങനെ ഒരു നടപടിയെ പ്രോത്സാഹിപ്പിക്കുന്നില്ല. ആത്മഹത്യ പോലുള്ള മാര്‍ഗങ്ങള്‍ ഒന്നിനും ഒരു പരിഹാരമല്ലെന്നും ബാദല്‍ സരോജ് പറഞ്ഞു.