ഒരാഴ്ചമുമ്പ് അടക്കം ചെയ്ത പെൺകുട്ടിയുടെ മൃതദേഹത്തിൽ നിന്ന് തല വെട്ടിമാറ്റി, സൂര്യഗ്രഹണ ദിവസം കൊടും ക്രൂരത ചെയ്തത് ദുർമന്ത്രവാദത്തിനുവേണ്ടി
ചെന്നൈ: ഒരാഴ്ചമുമ്പ് അടക്കംചെയ്ത പെൺകുട്ടിയുടെ മൃതദേഹം ശ്മശാനത്തിൽ നിന്ന് തോണ്ടിയെടുത്തശേഷം തല അറുത്തുമാറ്റി. തമിഴ്നാട്ടിലെ മധുരാന്തകത്തിനടുത്ത് ചിത്രവാടിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മുറിച്ചെടുത്ത തല കണ്ടെത്താനായിട്ടില്ല. സംഭവത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. ദുർമന്ത്രവാദത്തിനുവേണ്ടിയാണ് തല വെട്ടിയെടുത്തതെന്നാണ് പൊലീസ് സംശയിക്കുന്നത്. ആ നിലയ്ക്കാണ് അന്വേഷണം മുന്നോട്ടുപോകുന്നതും.ഇലക്ട്രിക് പോസ്റ്റ് ദേഹത്തുവീണതിനെ തുടർന്ന് മരിച്ച കൃതിക എന്ന പത്തുവയസുകാരിയുടെ മൃതദേഹമാണ് വികൃതമാക്കിയ നിലയിൽ കണ്ടെത്തിയത്. കുട്ടിയെ അടക്കം ചെയ്ത സ്ഥലം കിളച്ചുമറിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് നാട്ടുകാരാണ് രക്ഷിതാക്കളെ വിവരം അറിയിച്ചത്. രക്ഷിതാക്കൾ ഉടൻതന്നെ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി മൃതദേഹം പുറത്തെടുത്തപ്പോഴാണ് തല അറുത്തെടുത്തതായി കണ്ടത്. അടക്കംചെയ്ത സ്ഥലത്തിന് സമീപത്തുനിന്ന് നാരങ്ങയും മഞ്ഞൾപ്പൊടിയും കണ്ടെത്തിയിട്ടുണ്ട്. ഇതാണ് സംഭവത്തിന് പിന്നിൽ ദുർമന്ത്രവാദമാണെന്ന സംശയം ബലപ്പെടാൻ കാരണം. ഭാഗിക സൂര്യഗ്രഹണം നടന്ന ദിവസമാണ് മൃതദേഹത്തിൽ നിന്ന് തല അറുത്തുമാറ്റിയത്. ദുർമന്ത്രവാദത്തിന് ഈ ദിവസം തിരഞ്ഞെടുക്കാൻ സാദ്ധ്യതയുണ്ടെന്നും കരുതുന്നു.കൊടുംക്രൂരതയ്ക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രദേശത്തെ ദുർമന്ത്രവാദികളെ കേന്ദ്രീകരിച്ചാണ് പൊലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.