അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു; നാലുപേർക്ക് ഗുരുതര പരിക്ക്
വാഷിംഗ്ടൺ: യു എസിലെ പടിഞ്ഞാറൻ മസാച്യുസെറ്റ്സിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു. പ്രേം കുമാർറെഡ്ഡി ഗോഡ (27), പാവനി ഗുല്ലപ്പള്ളി (22), സായ് നരസിംഹ പാടംസെട്ടി (22) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ഇന്നലെ പുലർച്ചെ അഞ്ചരയോടെ എതിർദിശയിൽ വന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന മനോജ് റെഡ്ഡി ഡോണ്ട (23), ശ്രീധർ റെഡ്ഡി ചിന്തകുന്ത (22), വിജിത്ത് റെഡ്ഡി ഗുമ്മല (23), ഹിമ ഐശ്വര്യ സിദ്ദിറെഡ്ഡി(22) എന്നിവർ പരിക്കേറ്റ് ബെർക്ഷെയർ മെഡിക്കൽ സെന്ററിൽ ചികിത്സയിലാണ്. ഇവരിൽ ആറുപേർ ഹേവൻ യൂണിവേഴ്സിറ്റിയിലും ഒരാൾ സേക്രഡ് ഹാർട്ട് യൂണിവേഴ്സിറ്റിയിലും പഠിക്കുന്നവരാണെന്ന് പൊലീസ് അറിയിച്ചു.