പാര്‍ട്ടി പറഞ്ഞാല്‍ വെടിവെക്കുമെന്ന് മണി പറഞ്ഞത് തമാശയല്ല, ജീവന് ഭീഷണിയുണ്ടെന്ന് എസ്.രാജേന്ദ്രന്
മൂന്നാര്‍: തന്റെ ജീവന് ഭീഷണിയുണ്ടെന്നും പാര്‍ട്ടി പറഞ്ഞാല്‍ വെടിവെയ്ക്കുമെന്ന് എം.എം.മണി പറഞ്ഞത് തമാശയായി കാണേണ്ടതില്ലെന്നും സിപിഎം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്. ചില സിപിഎം നേതാക്കള്‍ പിന്തുടര്ന്ന് ഉപദ്രവിക്കുന്നു, തനിക്ക് എതിരായ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ കെ വി ശശിയും എം എം മണിയുമാണെന്നും രാജേന്ദ്രന് പറഞ്ഞു. സിപിഎം ഭരിക്കുന്ന മൂന്നാര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഹൈഡല്‍ പ്രോജക്ടിന് തടയിട്ടത് താനാണെന്ന് വ്യാജ പ്രചരണം നടത്തുകയാണ്.
വ്യക്തിപരമായുള്ള ആക്ഷേപങ്ങളും പാര്‍ട്ടി കമ്മിറ്റികളിലൂടെ ഉയര്‍ത്തികൊണ്ടുവരാനുള്ള ശ്രമമാണ് നടത്തിവരുന്നത്. മൂന്നാര്‍ സര്‍വീസ് സഹകരണ ബാങ്ക് പൊളിക്കാന്‍ സബ് കളക്ടറായിരിക്കുമ്പോള്‍ ശ്രീറാം വെങ്കിട്ടരാമനും അതിന് ശേഷം വന്നയാളും ഉത്തരവിട്ടു. ഞാനടക്കം ചെന്ന് സംസാരിച്ചാണ് അത് അവിടെ നിലനിര്‍ത്തിയത്. എന്നിട്ട് ഇപ്പോള്‍ ഞാനതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞുനടക്കുന്നതെന്നും രാജേന്ദ്രന് പറഞ്ഞു.
തന്റെ ജീവന് ഭീഷണിയുണ്ട്.ഒരു പാര്‍ട്ടിയിലേക്കും പോയിട്ടില്ല. ഈ പാര്‍ട്ടിയില്‍ തന്നെ അവസാനം വരെ നില്‍ക്കുമെന്ന് പറഞ്ഞു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി മരിക്കണമെന്ന് പറഞ്ഞാല്‍ മരിക്കാമെന്ന് പറയും. ആ സാഹചര്യങ്ങളെല്ലാം മനസ്സിലാക്കാന്‍ പറ്റാത്ത നേതാക്കളല്ല എനിക്കെതിരെ ഇപ്പോ പത്രസമ്മേളനവും പൊതുയോഗങ്ങളില്‍ പ്രതികരണവും നടത്തുന്നവര്‍.പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയടക്കം ഇങ്ങനെയാണ് ചെയ്യുന്നത്. പാര്‍ട്ടിയുമായി സഹകരിച്ചുപോകണമെന്ന മനോഭാവത്തില്‍ നിന്നകറ്റുക. ഏതെങ്കിലും പാര്‍ട്ടിയില്‍ ചെന്നുകെട്ടുക എന്നതാണ് ലക്ഷ്യം. തോട്ടം തൊഴിലാളികള്‍ തമ്മില്‍ തല്ലട്ടെയെന്നും ശരിയാക്കുമെന്നുമൊക്കെ പറയുന്ന തരംതാഴ്ന്ന നിലയിലേക്ക് പാര്‍ട്ടി നേതാക്കള്‍ പോയി.
ഉടുമ്പന്‍ചോല എംഎല്‍എ എം.എം മണിക്കും കെ വി ശശിക്കുമെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കും. എം എം മണിയുടെ പരസ്യപ്രസ്താവനകളില്‍ ഭീഷണിയുടെ സ്വരമുണ്ടെന്നും എസ് രാജേന്ദ്രന് പറഞ്ഞു
മൂന്നാര്‍ സഹകരണ ബാങ്ക് ഹൈഡല്‍ പാര്‍ക്കില്‍ നടത്തിയ നിക്ഷേപവും റിസോര്‍ട്ട് വാങ്ങിയതിന് പിന്നിലും ക്രമക്കേടുള്ളതായി ആക്ഷേപമുണ്ട്. സംസ്ഥാന നേതൃത്വത്തിന് നല്കുന്ന പരാതിയില്‍ ഇക്കാര്യങ്ങള്‍ കൂടി ഉന്നയിക്കും. സിപിഐ തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും പാര്‍ട്ടി വിടുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലന്നും രാജേന്ദ്രന് വ്യക്തമാക്കി.