വീണ്ടും പ്രണയപ്പക, പൊലീസ് സ്റ്റേഷന് മുന്നിൽ പെൺകുട്ടിക്ക് കുത്തേറ്റു, സൗഹൃദം അവസാനിപ്പിച്ചതിലെ പകയെന്ന് പൊലീസ്
കോട്ടയം: ചങ്ങനാശ്ശേരി കറുകച്ചാലിൽ പെൺകുട്ടിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. പാമ്പാടി കുറ്റിക്കൽ സ്വദേശിനിക്കാണ് കുത്തേറ്റത്. കറുകച്ചാൽ പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. ഇടതുകൈയ്ക്ക് കുത്തേറ്റ പെൺകുട്ടി സ്റ്റേഷനിലേക്ക് ഓടിക്കയറി. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.കേസിൽ പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കത്രിക കൊണ്ടാണ് ഇയാൾ പെൺകുട്ടിയെ ആക്രമിച്ചത്. ഇടതുകൈയിലെ തള്ളവിരലിനാണ് കുത്തേറ്റത്. പെൺകുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പരിക്ക് ഗുരുതരമല്ല.പെൺകുട്ടിയുടെ മുൻ സുഹൃത്താണ് അഖിൽ. സൗഹൃദം അവസാനിപ്പിച്ചതിലെ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. അഖിൽ പെൺകുട്ടിയുടെ പിന്നാലെ നടന്ന് നിരന്തരം ശല്യം ചെയ്തിരുന്നു. ഇയാൾക്കെതിരെ പരാതി നൽകാൻ സുഹൃത്തിനൊപ്പം പൊലീസ് സ്റ്റേഷനിലേക്ക് വരികയായിരുന്നു പെൺകുട്ടി. ഇതറിഞ്ഞ യുവാവ് ഇവിടെ എത്തി ആക്രമിക്കുകയായിരുന്നു.