എം.ഡി.എം.എ.യുമായി രണ്ട് യുവാക്കള്‍ പിടിയില്‍; മൊബൈല്‍ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കുന്നു
തൃശ്ശൂര്‍: എം.ഡി.എം.എ. ലഹരിമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍. എടവിലങ്ങ് സ്വദേശി ജോയല്‍(19) മേത്തല സ്വദേശി സാലിഹ്(28) എന്നിവരെയാണ് കയ്പമംഗലം പോലീസ് പിടികൂടിയത്. ഇവരില്‍നിന്ന് 5.5 ഗ്രാം എം.ഡി.എം.എ.യും ഇവര്‍ സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ.യുമായി യുവാക്കളെ പോലീസ് പിടികൂടിയത്. ഇവരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങളടക്കം പോലീസ് പരിശോധിച്ചുവരികയാണ്.
ദിവസങ്ങള്‍ക്ക് മുമ്പും എം.ഡി.എം.എ. ലഹരിമരുന്നുമായി കയ്പമംഗലത്ത് യുവാക്കള്‍ പിടിയിലായിരുന്നു. ഇവരില്‍നിന്ന് ലഹരിമരുന്ന് വാങ്ങിയ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള 250-ഓളം പേരുടെ ലിസ്റ്റും അധികൃതര്‍ കണ്ടെടുത്തു. ലഹരിമരുന്ന് വാങ്ങിയ ശേഷം പണം നല്കാന് ബാക്കിയുള്ളവരുടെ പേരുവിവരങ്ങളാണ് പ്രതികള്‍ തങ്ങളുടെ ‘പറ്റുപുസ്തക’ത്തില്‍ സൂക്ഷിച്ചിരുന്നത്. ഈ ലിസ്റ്റ് കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരികയാണ്.