ആദ്യ ദൃശ്യാനുഭവത്തില്‍ മതിമറന്ന് ബഡ്സ് സ്കൂളിലെ കുട്ടികള്‍
സിനിമാ പ്രദര്‍ശനം ഒരുക്കിയത് ജില്ലാ ഭരണകൂടവും സാമൂഹ്യ സുരക്ഷാ മിഷനും
കാസര്‍കോട് : ആദ്യ ദൃശ്യാനുഭവത്തിന്റെ സന്തോഷത്തിലായിരുന്നു കയ്യൂര്‍ സ്നേഹതീരം ബഡ്സ് സ്കൂളിലെ വിഷ്ണുവും കാസര്‍കോട് ഭാരത് ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്ററിലെ ലക്ഷ്മിയും ശ്രീഹരിയും ജുമാനയും വര്‍ഷയുമെല്ലാം. ജില്ലാ ഭരണകൂടവും സാമൂഹ്യ സുരക്ഷാ മിഷനും ചേര്‍ന്ന് ജില്ലയിലെ ബഡ്സ് സ്കൂളിലെ കുട്ടികള്‍ക്കായി കാസര്‍കോട് ഒരുക്കിയ സിനിമാ പ്രദര്‍ശനം വേറിട്ടതായി. ടി.വിയില്‍ മാത്രം കണ്ട സിനിമ കൈയെത്തും ദൂരത്ത് വലിയ സ്ക്രീനില്‍ അവര്‍ കണ്ടു. കഥാപാത്രങ്ങളും ചെടികളും പൂക്കളും മൃഗങ്ങളുമെല്ലാം തൊട്ടുമുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പെട്ടപ്പോള് എല്ലാവരിലും കൗതുകവും ആവേശവും ഏറി. രാവിലെ പത്ത് മണിയോടെ മാതാപിതാക്കളുടെയും ടീച്ചര്‍മാരുടെയും കൈപിടിച്ച് തിയേറ്ററിലെത്തിയ കുട്ടികള്‍ സിനിമ അവസാനിക്കുന്നതുവരെ കണ്ണിമ ചിമ്മാതെ മുഴുകിയിരുന്നു. പാട്ടും തമാശയും കൈയ്യടികളോടെ ആസ്വദിച്ചു.
കയ്യൂര്‍-ചീമേനി, പുല്ലൂര്‍ പെരിയ, കുംബഡാജെ, ബെള്ളൂര്‍, കാറഡുക്ക, മുളിയാര്‍ പഞ്ചായത്തുകളിലെ മോഡല്‍ ചൈല്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററുകള്‍, കാസര്‍കോട് നഗരസഭയിലെ ഭാരത് ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍, സ്നേഹവീട് അമ്പലത്തറ, തണല്‍ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ബോവിക്കാനം എന്നിവിടങ്ങളിലെ 160 ഓളം കുട്ടികളാണ് സിനിമ കാണാനായി ഒത്തുകൂടിയത്. പ്രത്യേകം വാഹനത്തിലാണ് കുട്ടികളെ തിയേറ്ററിലെത്തിച്ചത്. തിയേറ്ററിലേക്ക് നടന്ന് കയറാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വീല്‍ ചെയറും ഒരുക്കിയിരുന്നു. പുതുതായി കണ്ട പലരും പരസ്പരം മിണ്ടിയും കളിച്ചും പുതിയ സൗഹൃദം ഉണ്ടാക്കി. സിനിമയ്ക്ക് ശേഷം ബേക്കല്‍ കോട്ടയും ബേക്കല്‍ കടല്‍ത്തീരവും കണ്ടാണ് മിക്കവരും മടങ്ങിയത്. ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) എസ്.ശശിധരന് പിള്ള, വിജിലന്‍സ് സി.ഐയും ചലച്ചിത്രതാരവുമായി സിബി തോമസ് എന്നിവര്‍ സംസാരിച്ചു. കേരള സാമൂഹ്യ സുരക്ഷാ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ജിഷോ ജെയിംസ്, കോര്‍ഡിനേറ്റര്‍ മുഹമ്മദ് അഷ്റഫ് എന്നിവര്‍ നേതൃത്വം നല്കി.