കോയമ്പത്തൂർ സ്ഫോടനം; ഇന്ന് കൂടുതൽ അറസ്റ്റിന് സാദ്ധ്യത, പ്രതികൾ ലക്ഷ്യമിട്ടത് സ്ഫോടന പരമ്പര
ചെന്നൈ: കോയമ്പത്തൂർ ഉക്കടം കാർ ബോംബ് സ്ഫോടനക്കേസിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാദ്ധ്യത. കൊല്ലപ്പെട്ട ജമേഷ മുബീന്റെ ബന്ധുവീടുകളിൽ പൊലീസ് റെയ്ഡ് നടത്തി. ഇയാളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും മണിക്കൂറുകളോളം ചോദ്യം ചെയ്തു.സ്ഫോടനത്തിന് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ജമേഷ മുബീൻ വൻ സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടതായി റിപ്പോർട്ടുകളുണ്ട്. ഇയാളുടെ ലാപ്ടോപ് പൊലീസ് പിടിച്ചെടുത്തു. സ്ഫോടന വസ്തുക്കൾ പലപ്പോഴായി വാങ്ങിയ പ്രതികൾ മുബീന്റെ വീട്ടിലാണ് സൂക്ഷിച്ചത്.എങ്ങനെയാണ് സ്ഫോടന വസ്തുക്കൾ വാങ്ങിയതെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഓൺലൈൻ ആയി വാങ്ങിയോ എന്നറിയാനായി ആമസോൺ അടക്കമുള്ള ഇ കൊമേഴ്സ് സൈറ്റുകൾക്ക് പൊലീസ് കത്തെഴുതി. ഓൺലൈനായിട്ടാണ് വാങ്ങിയതെങ്കിൽ ആരാണ് വാങ്ങിയത്, ഡെലിവറി നൽകിയ സ്ഥലം എന്നിവയാണ് ശേഖരിക്കുന്നത്.കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികളെയും ഇന്നലെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു. അതേസമയം, കേസന്വേഷണം ഇന്ന് എൻ ഐ എ ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുണ്ട്. കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാൻ തമിഴ്നാട് സർക്കാർ നേരത്തെ ശുപാർശ ചെയ്തിരുന്നു.