ഗുജറാത്തിൽ അമിത്ഷായുടെ കൺമുന്നിൽ 632 കോടിയുടെ ലഹരിമരുന്ന് നശിപ്പിക്കും, പിടിച്ചെടുത്തത് പന്ത്രണ്ടായിരം കോടിയുടെ മയക്കുമരുന്ന്
ഗാന്ധിനഗർ : പിടിച്ചെടുത്ത 12,000 കിലോഗ്രാം മയക്കുമരുന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന ചടങ്ങിൽ നശിപ്പിക്കും. ഗുജറാത്തിലെ ഗാന്ധിനഗറിൽ ഇന്ന് വൈകുന്നേരമാണ് ലഹരിമരുന്ന് നശിപ്പിക്കുന്നത്. ഗാന്ധിനഗറിൽ മയക്കുമരുന്ന് കടത്തും രാജ്യസുരക്ഷയും സംബന്ധിച്ച യോഗത്തിൽ പങ്കെടുക്കുന്നതിനാണ് കേന്ദ്ര മന്ത്രി എത്തുന്നത്. ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ദാദ്ര ആൻഡ് നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ഭരണാധികാരികളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇതിന് ശേഷമാവും അമിത് ഷായുടെ മുന്നിൽ വച്ച് 632.68 കോടി രൂപ വിലമതിക്കുന്ന 12,438.96 കിലോഗ്രാം മയക്കുമരുന്ന് നശിപ്പിക്കുന്നത്.രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യവാർഷികത്തോടനുബന്ധിച്ച് 75 ദിവസത്തിനുള്ളിൽ 75,000 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി നശിപ്പിക്കാൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) പദ്ധതിയിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് വലിയ തോതിലാണ് റെയ്ഡ് അടക്കമുള്ള നടപടികൾ സ്വീകരിച്ചത്. ഇതിന് ഫലം കാണുകയും ചെയ്തു. ഈ വർഷം ജൂലായിൽ ചണ്ഡീഗഡിൽ 31,000 കിലോയിലധികം മയക്കുമരുന്നാണ് ആഭ്യന്തരമന്ത്രിയുടെ മുൻപിൽ വച്ച് നശിപ്പിച്ചത്. ഇതിന് പിന്നാലെ രണ്ടാഴ്ച മുൻപ് ഷായുടെ സാന്നിദ്ധ്യത്തിൽ ആസാമിലെ ഗുവാഹത്തിയിൽ 40,000 കിലോഗ്രാം മയക്കുമരുന്നും എൻസിബി നശിപ്പിച്ചിരുന്നു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് തങ്ങളുടെ പദ്ധതി കേവലം 60 ദിവസത്തിനുള്ളിൽ ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞു. 75,000 കിലോഗ്രാമിന്റെ സ്ഥാനത്ത് ഒരു ലക്ഷത്തിന് മുകളിൽ മയക്കുമരുന്നാണ് നശിപ്പിക്കപ്പെട്ടത്.