ചോദിച്ച കൈക്കൂലി നൽകാൻ വിജിലൻസ് നൽകിയ നോട്ടുമായി ചെന്നപ്പോൾ വില്ലേജ് ഓഫീസിലെ ക്ലർക്ക് ചന്ദ്രൻ നിന്നത് ഗ്ലൗസ് ധരിച്ച്
തൃശൂർ: വീട്ടുവളപ്പിലെ തേക്ക് മുറിക്കാൻ ആദ്യം രണ്ടായിരം രൂപയും പിന്നീട് 10,000 രൂപയും കൈകൂലി ആവശ്യപ്പെട്ട് വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസിലെ സീനിയർ ക്ലർക്ക് അറസ്റ്റിൽ. കോട്ടപ്പുറം ചിറ്റണ്ട വില്ലേജ് ഓഫീസിലെ സീനിയർ ക്ലർക്കും വില്ലേജ് ഓഫീസർ ഇൻ ചാർജുമായ വേലൂർ എടക്കളത്തൂർ വീട്ടിൽ ചന്ദ്രനെ(54) ആണ് ഡിവൈ.എസ്.പി: ജിം പോളിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്.കോട്ടപ്പുറം ചിറ്റണ്ട വില്ലേജ് ഓഫീസർ വകുപ്പ്കല പരിശീലനത്തിനായി അവധിയിലായിരുന്നു. ചന്ദ്രനായിരുന്നു ചുമതല വഹിച്ചിരുന്നത്. ഇന്നലെ വില്ലേജ് ഓഫീസർ അവധി കഴിഞ്ഞ് ചുമതല തിരിച്ചേൽക്കാൻ എത്താനിരുന്നതാണ്. അതുകൊണ്ടുതന്നെയാണ് മരം മുറിക്കാനുള്ള അനുമതി നൽകാൻ രേഖയിൽ രാവിലെ തന്നെ ഒപ്പ് വച്ച് നൽകാൻ ചന്ദ്രൻ പരിപാടി ആസൂത്രം ചെയ്തത്.കമറുദ്ദീൻ എന്ന ആളാണ് മരം മുറി അനുമതിക്കായി അപേക്ഷ നൽകിയത്. 55,000 രൂപ വില വരുന്ന തേക്ക് തടിയാണ് മുറിക്കാനുണ്ടായത്. ആദ്യം സമീപിച്ചപ്പോൾ ചന്ദ്രൻ രണ്ടായിരം രൂപ മാത്രമാണ് കൈകൂലി ആവശ്യപ്പെട്ടത്. പിന്നീടത് പതിനായിരം രൂപ വേണമെന്നായി. അതോടെയാണ് കമറുദ്ദീൻ വിജിലൻസിനെ സമീപിച്ചത്. സ്വന്തം ക്വാളിസ് കാറിൽ വില്ലേജ് ഓഫീസിലെത്തിയ ചന്ദ്രൻ മുൻകരുതലെന്ന നിലയിൽ ഗ്ലൗസ് ധരിച്ച് കൈകൊണ്ടാണ് കൈകൂലി പണം സ്വീകരിച്ചത്. എന്നാൽ വിജിലൻസ് സംഘം സമീപത്തുതന്നെ നിലയുറപ്പിച്ചിരുന്നതിനാൽ കൈയ്യോടെ പിടികൂടുകയായിരുന്നു.പൊടിയിട്ട വിജിലൻസ് നൽകിയ പതിനായിരം രൂപക്കുള്ള നോട്ടുകളാണ് കമറുദ്ദീൻ ചന്ദ്രന് കൈമാറിയിരുന്നത്. രാസലായിനി പരിശോധനയിൽ കൈക്കൂലി തെളിഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തു. ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നതത്രെ. വിജിലൻസ് സി.ഐ സുനിൽ കുമാറും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.