കണ്ണൂര്‍ : മലയാള മനോരമ പത്രത്തിന്റെ പ്രൊഫഷണല്‍ മികവും ജനസ്വീകാര്യതയും അംഗീകരിക്കുമ്പോള്‍ തന്നെ കൂടുതല്‍ പുരോഗമനപരമായ നിലപാട് പത്രം സ്വീകരിച്ചിരുന്നെങ്കില്‍ എന്നു തോന്നുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അങ്ങനെയായിരുന്നെങ്കില്‍ കേരളത്തിന്റെ മുഖച്ഛായ ഇന്നത്തേതിലും പുരോഗമനപരമായി മാറിപ്പോകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മലയാള മനോരമ കണ്ണൂര്‍ യൂണിറ്റിന്റെ രജതജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.ഒന്നേകാല്‍ നൂറ്റാണ്ടിന്റെ വലിയ ചരിത്രമുള്ള പത്രസ്ഥാപനമാണ് മനോരമ. സ്ഥാപകനായ കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള സാമൂഹ്യ പരിഷ്കരണ രംഗത്ത് നേതൃപരമായ പങ്കുവഹിച്ച ശ്രദ്ധേയ വ്യക്തിത്വമാണ്. 1890 മാര്‍ച്ച് 22ന് പ്രാരംഭ ലക്കത്തിലെ ആദ്യ എഡിറ്റോറിയലില്‍ തന്നെ പുലയ സമുദായത്തിന് വിദ്യാഭ്യാസ സൗകര്യം ഒരുക്കേണ്ടതിനെക്കുറിച്ചാണ് അദ്ദേഹം എഴുതിയത്.
പുലയ സമുദായത്തിന് വിദ്യാഭ്യാസസൗകര്യം ഒരുക്കുന്നതിനെ ഭൂപ്രമാണിമാര്‍ എതിര്‍ക്കുന്നത് കഷ്ടമാണെന്നും എഴുതി. ഈ ചിന്തയാല്‍ നയിക്കപ്പെട്ടതുകൊണ്ടാകാം പെണ്‍കുട്ടികള്‍ക്കായി ഒരു വിദ്യാലയവും അദ്ദേഹം സ്ഥാപിച്ചു. കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള മുന്നോട്ടുവച്ച നവോത്ഥാന ചുമതലകള്‍ പൂര്‍ണ മനസ്സോടെ പിന്തുടരാന് പില്ക്കാലത്ത് മനോരമക്ക് കഴിഞ്ഞോയെന്ന് പരിശോധിക്കണം.
നവോത്ഥാന മൂല്യങ്ങളോടുള്ള നിലപാട് രൂപപ്പെടുത്തുന്നതില്‍ രാഷ്ട്രീയ പരിഗണനകളും സ്വാധിനിച്ചോ? വര്‍ഗീസ് മാപ്പിളയുടെ ധീരമായ സമഭാവനകള്‍ അതേ അളവില്‍ പങ്കിടാന്‍ പുതിയകാലത്ത് കഴിയാതെ പോരുന്നില്ലേ. ഇക്കാര്യത്തില്‍ ഒരു ആത്മപരിശോധന ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷനായി.