നടത്തത്തില്‍ സംശയം, കണ്ടത് കാലില്‍ ഒട്ടിച്ചുവെച്ച 1.7 കിലോ സ്വര്‍ണം
നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ മൂന്ന് യാത്രക്കാരില്‍നിന്നായി ഒന്നരക്കോടി രൂപയുടെ സ്വര്‍ണം പിടിച്ചു. ഷാര്‍ജയില്‍നിന്നെത്തിയ മലപ്പുറം സ്വദേശികളായ മുഹമ്മദ് ദില്‍ഷാദ്, മുഹമ്മദ് മുസ്തഫ, അബുദാബിയില്‍നിന്നു വന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് സഫ്നാസ് എന്നിവരില്‍നിന്നാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് സ്വര്‍ണം പിടിച്ചത്.
ഇതില്‍ മുഹമ്മദ് ദില്‍ഷാദ് സുവര്‍ണ പാദുകമായാണ് സ്വര്‍ണം കൊണ്ടുവന്നത്. 78 ലക്ഷം രൂപ വരുന്ന 1.762 കിലോ സ്വര്‍ണം ഇയാള്‍ ഇരു കാലുകളിലുമായി ഒട്ടിച്ചുവെച്ചിരിക്കുകയായിരുന്നു. മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം കവറില്‍ പൊതിഞ്ഞ് കാല്‍പ്പാദങ്ങള്‍ക്കടിയില്‍ ചേര്‍ത്തുവെച്ച് ടേപ്പ് കൊണ്ട് ഒട്ടിച്ചുവെച്ചു. തുടര്‍ന്ന് ഇതിനുമേലെ സോക്സും ഷൂസും ധരിച്ചു.
ഇയാളുടെ നടത്തത്തില്‍ സംശയം തോന്നി കസ്റ്റംസ് പിടികൂടി വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച സ്വര്‍ണ ലായനിയില്‍ മുക്കിയ തോര്‍ത്തുകളുമായി എത്തിയ യാത്രക്കാരനെ കസ്റ്റംസ് പിടിച്ചിരുന്നു. മുഹമ്മദ് മുസ്തഫയുടെ പക്കല്‍നിന്ന് 912 ഗ്രാം സ്വര്‍ണവും മുഹമ്മദ് സഫ്നാസിന്റെ പക്കല്‍ നിന്ന് 855 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചത്. ഇരുവരും സ്വര്‍ണ മിശ്രിതം കാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ചിരിക്കുകയായിരുന്നു.