ആശുപത്രിയിൽ നിന്ന് ഒ പി ടിക്കറ്റെടുക്കും, ഡോക്ടറുടെ വ്യാജ സീലുമായി ലഹരി ഗുളികകൾ വാങ്ങിവിൽക്കും
തിരുവനന്തപുരം: ലഹരിഗുളികകൾ വിൽപ്പന നടത്തിവന്ന അഞ്ച് പേർ പിടിയിലായി. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻ്റി നാർക്കോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡിന്റെ പരിശോധനയിലാണ് മയക്കുമരുന്ന്, ലഹരിക്കുപയോഗിക്കുന്ന ഗുളികകൾ എന്നിവയുമായി അഞ്ചുപേർ രണ്ട് സ്ഥലങ്ങളിലായി പിടിയിലായത്.
കാരയ്ക്കാമണ്ഡപത്തിന് അടുത്തായി മേലാംകോട് റോഡിൽ സമാധി ക്ഷേത്രത്തിന് സമീപത്തായി ലഹരിക്കായി ഉപയോഗിക്കുന്ന ഗുളികകൾ വിൽപ്പന നടത്തിവന്ന നടുവത്തുവിള പുത്തൻവീട്ടിൽ അതുൽ എസ് കുമാർ (19), കോളിയൂർ ചാണക്കര കൃപാഭവനിൽ അനീഷ് (25) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് 42 ഗുളികകൾ പിടിച്ചെടുത്തു. അതുലിന്റെ വീട്ടിൽ വൈകുന്നേരങ്ങളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വിൽപ്പന നടത്തുന്നവരും ഒത്തുകൂടുക പതിവായിരുന്നു. അതുൽ മോഷണക്കേസിലെ പ്രതിയുമാണ്.
തിരുവനന്തപുരം മുട്ടടയാണ് മറ്റൊരു സംഭവം. മുട്ടട ചാത്തിയോട് റോഡിൽ രാത്രി വാഹനപരിശോധനയ്ക്കിടെ മയക്കുമരുന്നായി ഉപയോഗിക്കുന്ന ഗുളികകളും 0.23 ഗ്രാം എം ഡി എം എയും കഞ്ചാവും പിടികൂടുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ മണ്ണന്തല കുളപ്പറക്കോണം രാജൻ നിവാസിൽ അരവിന്ദ് (24), ഇടവക്കോട് സജി ഭവനിൽ ജിത്ത് ജി എസ് (26), മുട്ടട കുശവർക്കൽ ദീപം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന റാഫ ടി പ്രദീപ് (23) എന്നിവർ അറസ്റ്റിലായി.
പേരൂർക്കട ജില്ലാ ആശുപത്രിയിൽ നിന്ന് ഒ പി ടിക്കറ്റ് എടുത്ത് ഡോക്ടറുടെ വ്യാജ സീൽ ഉണ്ടാക്കി കുറിപ്പടി തയ്യാറാക്കും. ഇതുപയോഗിച്ച് മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ഗുളികകൾ വാങ്ങി വിൽപ്പന നടത്തുകയാണ് ചെയ്തിരുന്നത്. റാഫ എന്ന യുവതിയാണ് ഇത്തരത്തിൽ മരുന്ന് വാങ്ങുന്നതിന് നേതൃത്വം നൽകിയിരുന്നത്. ഇവർ നഴ്സിംഗ് പഠിച്ചിട്ടുണ്ട്. എന്നാൽ കോഴ്സ് പൂർത്തിയാക്കിയിരുന്നില്ല. ഒ പി ടിക്കറ്റിൽ കുറിപ്പടി എഴുതിച്ചേർക്കുന്നത് ഇവരാണ്. വ്യാജ സീലും ജില്ലാ ആശുപത്രിയിലെ ഒ പി ടിക്കറ്റും ഇവരിൽ നിന്ന് കണ്ടെടുത്തു. പ്രതികളിലൊരാളായ അരവിന്ദ് പോക്സോ കേസിലും പ്രതിയാണ്.