സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച സംഭവം; പൊലീസുകാരനെ സസ്പെൻഡ് ചെയ്തു
കൊച്ചി: സ്വർണം മോഷ്ടിച്ച പൊലീസുകാരന് സസ്പെൻഷൻ. എ ആർ ക്യാമ്പിലെ 2015 ബാച്ച് സിവിൽ പൊലീസ് ഓഫീസർ അമൽ ദേവിനെയാണ് (35) സസ്പെൻഡ് ചെയ്തത്. സുഹൃത്തിന്റെ വീട്ടിൽ നിന്ന് എട്ട് പവനാണ് മോഷ്ടിച്ചത്. കേസിൽ ഇയാളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഞാറക്കൽ പെരുമ്പിള്ളി ചർച്ച് റോഡ് അസീസി ലെയ്ൻ പോണത്ത് നടേശന്റെ വീട്ടിൽ ഈ മാസം 13നായിരുന്നു മോഷണം നടന്നത്. നടേശന്റെ മകൻ നിബിന്റെ അടുത്ത സുഹൃത്തായിരുന്നു അമൽ ദേവ്. ഈ വീട്ടിലെ നിത്യസന്ദർശകനായിരുന്നു ഇയാൾ. നിബിന്റ ഭാര്യയുടെ എട്ട് പവൻ ഒരു ഗ്രാമാണ് മോഷണം പോയത്.
മോഷണമുതൽ 43,000 രൂപയ്ക്ക് ഞാറക്കൽ പെരുമ്പിള്ളി സ്റ്റോപ്പിലെ പണയ വ്യാപാരസ്ഥാപനത്തിലും 79000 രൂപയ്ക്ക് എറണാകുളം ബാനർജി റോഡിലെ സ്ഥാപനത്തിലും പണയംവച്ചു. ശേഷിച്ചത് ഞാറക്കൽ ഗീതാസ്റ്റോഴ്സ് ഉടമ രാജന് 1.21 ലക്ഷം രൂപക്ക് വിൽക്കുകയും ചെയ്തിരുന്നു. പ്രതിക്ക് ഓൺലൈൻ റമ്മി കളിച്ച് 40 ലക്ഷത്തോളം രൂപയുടെ കടബാദ്ധ്യതയുണ്ട്.