രക്തത്തിന് പകരം ജ്യൂസ് കയറ്റിയ രോഗി മരിച്ച സംഭവം; ആശുപത്രി പൊളിക്കും
ലക്നൗ: ഡെങ്കിപ്പനി ബാധിച്ച മുപ്പത്തിരണ്ടുകാരന് രക്തഘടകമായ പ്ലേറ്റ്ലറ്റിന് പകരം മുസമ്പി ജ്യൂസ് കയറ്റിയ ആശുപത്രി കെട്ടിടം പൊളിക്കും. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലുള്ള സ്വകാര്യ ആശുപത്രിയാണ് പൊളിക്കാനൊരുങ്ങുന്നത്. കെട്ടിടം അനധികൃതമായി നിർമിച്ചതാണെന്നും ഉടൻ ഒഴിയണമെന്നും കാണിച്ച് അധികൃതർ നോട്ടീസ് നൽകിയിട്ടുണ്ട്.
മുപ്പത്തിരണ്ടുകാരനായ പ്രദീപ് പാണ്ഡെയ്ക്കാണ് ആശുപത്രിയുടെ അനാസ്ഥ കാരണം ജീവൻ നഷ്ടമായത്. കഴിഞ്ഞാഴ്ചയായിരുന്നു സംഭവം. യുവാവിന്റെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെ ആശുപത്രി പൂട്ടി സീൽ ചെയ്തിരുന്നു.
ഡെങ്കിപ്പനി ബാധിതർക്ക് സാധാരണയായി രക്തത്തിലെ പ്ലേറ്റ്ലറ്റിന്റെ അളവിൽ കുറവ് വരാറുണ്ട്. അത്തരം സാഹചര്യത്തിൽ പ്ലേറ്റ്ലറ്റുകൾ കുത്തിവയ്ക്കാറുണ്ട്. മറ്റൊരു ആശുപത്രിയിൽ നിന്നെത്തിച്ച പ്ലേറ്റ്ലറ്റുകളാണ് പ്രദീപിന് നൽകിയത്. മൂന്ന് യൂണിറ്റ് കയറ്റിയപ്പോഴേക്കും യുവാവിന്റെ ആരോഗ്യനില ഗുരുതരമായി. ഉടൻ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.