മാലിന്യ പ്ലാന്റില്‍നിന്ന് കാല് കണ്ടെത്തിയ സംഭവം; വെട്ടിനുറുക്കിയത് ഗുണ്ടാനേതാവിനെ 2 പേര് അറസ്റ്റിൽ
തിരുവനന്തപുരം: മുട്ടത്തറയിലെ മാലിന്യപ്ലാന്റില്‍ നിന്നും മനുഷ്യന്റെ കാല് കണ്ടെത്തിയ സംഭവത്തില്‍ ഒരുവര്‍ഷത്തിന് ശേഷം വന്‍ വഴിത്തിരിവ്. കണ്ടെത്തിയത് തമിഴ്നാട്ടില്‍ നിന്നുള്ള ഗുണ്ടാനേതാവ് കനിഷ്കറിന്റേതാണെന്ന് പോലീസ് സ്ഥിരീകരണം. ഇതിനകം തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മൃതദേഹത്തിന്റെ അരവര കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വലിയതുറ സ്വദേശികളാണ് കേസിലെ പ്രതികള്‍.
ഇവരും കനിഷ്കറും തമ്മില്‍ തമിഴ്നാട്ടില്‍ വെച്ചുണ്ടായ സംഭവത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് പോലീസ് നല്കുന്ന വിവരം. തമിഴ്നാട്ടിലെ പ്രശ്നത്തിന് ശേഷം നാട്ടിലെത്തിയ പ്രതികള്‍ കനിഷ്കറിനെ തിരുവനന്തപുരത്തേക്ക് വിളിച്ച് വരുത്തകയും വെട്ടിനുറുക്കുകയുമായിരുന്നു. ശരീര ഭാഗങ്ങള്‍ പല സ്ഥലങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്തു.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 15-ന് ആയിരുന്നു മെഡിക്കല്‍ കോളേജില്‍ നിന്നും മാലിന്യം ഒഴുകിയെത്തുന്ന പ്ലാന്റില്‍ ശുചീകരണ തൊഴിലാളികള്‍ കാല് കണ്ടെത്തിയത്. മെഡിക്കല്‍ കോളേജില്‍ നിന്നും ഉപേക്ഷിച്ചതാകാമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. തുടര്‍ന്നാണ് കേസിന് വഴിത്തിരിവുണ്ടായത്.